ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് ഐ.എം.എഫ്

  • 14/10/2020

ന്യൂഡൽഹി;   ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും ഐ.എം.എഫ് വിലയിരുത്തല്‍. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐ.എം.എഫ് കണക്ക് പ്രകാരം ബംഗ്ലാദേശ് ജി.ഡി.പി ഡോളറിന്റെ അടിസ്ഥാനത്തില്‍ 4 ശതമാനം വര്‍ദ്ധിപ്പിച്ച് 1,888 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിലെത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഈ കണക്കുപ്രകാരം ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായി ഇന്ത്യ മാറും. പാകിസ്താനും നേപ്പാളും മാത്രമാണ് പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ഇന്ത്യയ്ക്ക് താഴെയുള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ മറികടക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയുടെ ആളോഹരി വരുമാനം പ്രതിവര്‍ഷം 3.2 ശതമാനം നിരക്കില്‍ മാത്രമേ കൂടിയുള്ളൂ. ബംഗ്ലാദേശിന്റേത് 9.1 ശതമാനം നിരക്കില്‍ വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പറഞ്ഞതിലും മോശമാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ വളര്‍ച്ചയെന്നും ഐ.എം.എഫ് പറഞ്ഞു. അതേസമയം അടുത്ത വര്‍ഷം ഇന്ത്യ സാമ്പത്തികഭദ്രത വീണ്ടെടുക്കുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത് രാജ്യത്തിന്റെ ആളോഹരി ജിഡിപി ബംഗ്ലാദേശിനൊപ്പമോ അതിന് മീതെയോ എത്തിയേക്കാമെന്നാണ് ഐ.എം.എഫ് പറയുന്നത്.

Related News