അതിതീവ്ര വൈറസ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്താൽ അതിർത്തികൾ വീണ്ടും അടക്കും

  • 03/01/2021

കുവൈറ്റ് സിറ്റി: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ്  വൈറസിനെ  പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ ശക്തമാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം. കുവൈറ്റിൽ പുതിയ കൊവിഡ് വൈറസിന്റെ  സാന്നിധ്യം കണ്ടെത്തിയാൽ  വീണ്ടും വിമാനത്താവളം അടച്ചുപൂട്ടാനും, കര വ്യോമയാന, കടൽ അതിർത്തികൾ എല്ലാം അടക്കുന്നതിനും വേണ്ടി ആരോഗ്യമന്ത്രാലയം മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. അതിതീവ്ര വൈറസ് രാജ്യത്തെ റിപ്പോർട്ട് ചെയ്താൽ അതിവേഗത്തിൽ  വൈറസ് വ്യാപനം ഉണ്ടാവുമെന്ന പശ്ചാത്തലത്തിലാണ് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം മന്ത്രിസഭയോട്  ആവശ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യ മന്ത്രാലയം സമർപ്പിച്ച ഈ റിപ്പോർട്ട് നാളെ മന്ത്രിസഭ ചർച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം പുതിയ കോവിഡ്  വൈറസ് പ്രതിരോധിക്കുന്നതിന്റെ  ഭാഗമായി കർശന നടപടി ക്രമങ്ങളാണ് വിമാനത്താവളത്തിൽ പാലിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ബേസിൽ അൽ സബ  ഇന്നലെ വ്യക്തമാക്കിയിരുന്നു. കുവൈറ്റ് വിമാനത്താവളം ഇപ്പോൾ താൽക്കാലികമായി തുറന്നിട്ടുണ്ടെങ്കിലും വിദേശത്തുനിന്നും എത്തുന്നവരെ കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്വീകരിക്കുന്നത്. രാജ്യത്ത്  എത്തുന്നവരെ സ്വാബ്  പരിശോധനയ്ക്ക് വിധേയമാക്കുകയും, യാത്രക്കാരുടെ പേരും വിശദാംശങ്ങളും ശ്ലോനിക്  ആപ്പിൽ  രജിസ്റ്റർ ചെയ്യുകയും, യാത്രക്കാർ കൈവശം വെക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതും ഉൾപ്പെടെ കർശന നടപടി ക്രമങ്ങൾ  പാലിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള  കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പിഴ  ഉൾപ്പെടെ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Related News