കുവൈറ്റ് വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ പിസിആർ പരിശോധന

  • 04/01/2021


കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ പിസിആർ പരിശോധന. കുവൈറ്റ് ഭരണകൂടത്തിന്റെ  ചെലവിൽ സൗജന്യ പരിശോധന ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് കുവൈത്തിലെത്തുന്ന എല്ലാവർക്കും പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഇത് ഇപ്പോൾ സൗജന്യമായി നൽകാനാണ് ആരോഗ്യ മന്ത്രാലയവും  ഭരണകൂട അധികൃതരും തീരുമാനിച്ചിട്ടുള്ളത്. കുവൈറ്റിൽ എത്തുന്ന യാത്രക്കാരുടെ പക്കൽ പി സി ആർ കൊവിഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തിൽ വച്ച് മറ്റൊരു പിസിആർ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽ 10% പേർക്കുമാത്രമേ  പരിശോധന നടത്തിയിരുന്നെങ്കിൽ ഇപ്പോൾ എല്ലാ യാത്രക്കാർക്കും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ്  വൈറസ് രാജ്യത്ത്  പ്രതിരോധിക്കുന്നതിന്റെ  ഭാഗമായുള്ള മുൻകരുതൽ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ കൊവിഡ് പ്രോട്ടോക്കോളുകൾ നിർബന്ധമാക്കിയിട്ടുള്ളത്.

Related News