ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച് കുവൈറ്റും അമേരിക്കയും

  • 04/01/2021

നാലു വർഷത്തോളം നീണ്ട പ്രതിസന്ധിയ്ക്ക് ഒടുവിൽ  ഖത്തർ ഉപരോധം അവസാനിപ്പിക്കുമ്പോൾ നിർണ്ണായക പങ്കുവഹിച്ച് കുവൈറ്റും അമേരിക്കയും.  ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒത്തൊരുമയുടെ അന്തിമ കരാറിലെത്താൻ മധ്യസ്ഥത വഹിച്ച കുവൈറ്റിന് നന്ദി പറയുന്നതായും ഖത്തർ അറിയിച്ചു.  ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ അമേരിക്കയേയും ഖത്തർ അഭിനന്ദിച്ചു. തുടക്കം മുതലേ കുവൈറ്റിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ്​ വിജയത്തിൽ എത്തിയിരിക്കുന്നത്. ​ട്രംപിന്റെ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ അടുത്തിടെ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ്​ ​പരിഹാരനടപടികൾ വേ​ഗത്തിലായത്​. ഉപരോധം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്ന കുവൈറ്റിന്റെ ശ്രമങ്ങളെ  സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ഫൈസൽ ബിൻ ഫർഹാനും അഭിനന്ദിച്ചിട്ടുണ്ട്.  2017 ജൂൺ 5നാണ് ഭീകരബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അന്ന് നിർത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.  ആദ്യഘട്ടമായി യാത്രാവിലക്കാണ് നീക്കുന്നത്.

Related News