ജിസിസി രാജ്യങ്ങളുടെ ഐക്യം; കുവൈറ്റിനും യുഎസ്സിനും അഭിനന്ദനവുമായി ജപ്പാൻ

  • 06/01/2021



ജിസിസി രാജ്യങ്ങൾ തമ്മിലെ ഐക്യത്തിനും സഹകരണത്തിനുമായി കുവൈത്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് ജപ്പാൻ. 
നിർണായകമായ ഈ പുരോഗമന സംഭവ വികാസങ്ങളെ സ്വാഗതം ചെയ്യുന്നു. പ്രശ്ന പരിഹാരത്തിനായി പരിശ്രമിച്ച അമേരിക്കയേയും കുവൈറ്റിനെയും അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം പ്രസ്സ് സെക്രട്ടറി ടൊമോയുകി യോഷിദ പറഞ്ഞു.

പശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യം പ്രധാനമാണ്. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ    ഈ കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സ്ഥിരത കൈവരിക്കാനും സാധ്യമാകുമെന്ന് കരുതുന്നു.മിഡിൽ ഈസ്റ്റിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ജപ്പാൻ തുടർന്നും പ്രവർത്തിക്കുമെന്ന് യോഷിദ പറഞ്ഞു.

സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിൽ ചേർന്ന ഉച്ചകോടിയിലാണ് ‘ഗൾഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങൾ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം ഖത്തറും സൗദി അറേബ്യയും അതിർത്തികൾ തുറന്നിരുന്നു. 

Related News