അതിതീവ്ര വൈറസ് ഭീതിയിൽ കുവൈറ്റും; ഏത് സമയത്തും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് ആരോഗ്യ മന്ത്രാലയം

  • 10/01/2021



 കുവൈറ്റ് സിറ്റി: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഭീതിയിൽ കുവൈറ്റും. രാജ്യത്ത് ഏത് നിമിഷവും അതിതീവ്ര വൈറസ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒമാനിലും യുഎഇയിലും അടക്കം അറബ് രാജ്യങ്ങളിൽ അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളിലാണ് അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തത്. പലയിടത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ കൊവിഡ് വൈറസിനെ അപേക്ഷിച്ച് പുതിയ വൈറസ് മനുഷ്യരിലേക്ക് അതി വേഗത്തിൽ വ്യാപിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം ആരംഭിച്ച പശ്ചാത്തലത്തിൽ കുവൈറ്റിലും അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസികളും സ്വദേശികളും അടക്കം എല്ലാവരും കർശന കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കണമെന്നും, അനാവശ്യമായ ഒത്തുചേരലുകൾ,  യാത്ര എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വരുംദിവസങ്ങൾ അതി നിർണായകമാണെന്നും, കൂടുതൽ ജാഗ്രതയോടെ പുതിയ വൈറസിനെ പ്രതിരോധിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Related News