ജഹ്‌റ നേച്ചർ റിസർവില്‍ ദേശാടന പക്ഷികള്‍ വിരുന്നെത്തി.

  • 11/01/2021

കുവൈത്ത് സിറ്റി: രാജ്യത്തിലെ വിരുന്നുകാരായി ദേശാടന പക്ഷികള്‍ ജഹ്‌റ നേച്ചർ റിസർവിലെത്തി. എല്ലാ ശൈത്യകാലത്തെയുമെന്ന പോലെ അനുകൂല ജീവിത സാഹചര്യം തേടിയുള്ള യാത്രയുടെ ഇടയിലാണ് പരുന്തുകള്‍ കുവൈത്തിലെത്തിയത്. പക്ഷികളെ നിരീക്ഷിക്കുവാന്‍ നിരവധി ട്രാക്കിംഗ് ഉപകരണങ്ങളാണ് ജഹ്‌റ റിസർവില്‍ സ്ഥാപിച്ചിട്ടുള്ളത്. ട്രാക്കിംഗ് ഉപകരണങ്ങളുടെ സഹായത്തോടെ 2020 മാർച്ച് 30 ന് വസന്തകാലത്ത് കഴുകന്മാർ കസാക്കിസ്ഥാനിലേക്കും റഷ്യയിലേക്കും ലോകത്തിന്റെ വടക്കൻ ഭാഗങ്ങളിലേക്കും കുടിയേറിയ കഴുകന്മാർ ശീതകാലം ചെലവഴിക്കാനായി കുവൈത്തിലേക്ക് മടങ്ങിയെത്തിയതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചു. കായൽ പരുന്ത്,വലിയ പുള്ളി പരുന്ത്,ചക്കിപ്പരുന്ത്,രാജാപ്പരുന്ത് തുടങ്ങിയ നിരവധി പരന്തുകളെയും ദേശാടനത്തിന്റെ  പ്രധാന പാതയാണ് കുവൈത്ത്. വര്‍ഷത്തില്‍  രണ്ടുതവണ ഇവ കൂട്ടത്തോടെ അറേബ്യൻ മരുഭൂമി മുറിച്ചു കടന്നുപോകാറുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.  

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള ദിശ തെറ്റാതെയുള്ള ദേശാടന പക്ഷികളുടെ സഞ്ചാരം ഇന്നും അദ്‌ഭുതപ്പെടുത്തുന്ന ഒന്നാണ്. യൂറോപ്പിൽനിന്ന്‌ ശൈത്യകാലത്തെ അതിജീവിക്കാൻ ആഫ്രിക്കയിലേക്ക് പറക്കുന്ന ദേശാടന പാതയിലെ പ്രധാന  വിശ്രമ കേന്ദ്രമാണ് ജഹ്‌റ നേച്ചർ റിസർവ്.  ഇത് വരെയായി 425 ഇനം പക്ഷികളെയാണ് ജഹ്‌റ നേച്ചർ റിസർവില്‍ രേഖപെടുത്തിയത്. രാജ്യത്തെ ഭൂപ്രകൃതിയാണ് പക്ഷികളെ ആകര്‍ഷിക്കുവാന്‍ കാരണമാകുന്നതെന്നാണ് പൊതുവേ  കരുതപ്പെടുന്നത്. കരയിൽ നിന്നും അധികം അകലെ അല്ലാത്ത ആൾതാമസമോ മറ്റു ജീവികളോ ഇല്ലാത്ത ദ്വീപുകളുടെ  ആവാസവ്യവസ്ഥ  കടൽ പക്ഷികൾ സ്ഥിരമായി പ്രജനനം നടത്തുവാന്‍ സഹായകരമാണ് . 

നേരത്തെ 2020 ഒക്ടോബർ 15 ന് ജഹ്‌റ റിസർവില്‍ പുള്ളി കഴുകനെ കണ്ടതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തെക്കൻ റഷ്യയിൽ നിന്ന് 3,500 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ദേശാടന പക്ഷി കുവൈത്തില്‍ എത്തിയത്.  പ്രകൃതി സംരക്ഷത്തിനായുള്ള പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ജഹ്‌റ നേച്ചർ റിസർവിനെ അന്താരാഷ്ട്ര യൂനിയണായ ഐ. യു. സി. ‌എൻ  ഹരിത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.  കുവൈത്ത് സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് വില്യമും ജഹ്‌റ നേച്ചർ സന്ദര്‍ശിച്ചിരുന്നു. 

Related News