പ്രവാസികൾ അയക്കുന്ന പണത്തിന് മേൽ നികുതിയെന്ന ആവശ്യം, പാർലമെന്റിൽ വീണ്ടും കരടു പ്രമേയം.

  • 12/01/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് പ്രവാസികൾ അയക്കുന്ന പണത്തിന് മേൽ നികുതിയെന്ന ആവശ്യം, പാർലമെന്റിൽ വീണ്ടും കരടു പ്രമേയം. പ്രതിപക്ഷ എം. പി.മാരായ ഉസാമ അൽ ഷാഹീൻ, അബ്ദുൽ അസീസ്‌ അൽ സഖാബി, ഹമദ്‌ അൽ മത്വർ, ഷുഹൈബ്‌ അൽ മുവൈസിറി,ഖാലിദ്‌ അൽ ഒതൈബി  എന്നീ പ്രതിപക്ഷ അംഗങ്ങളാണു  പാർലമെന്റിൽ കരടു ബിൽ  അവതരിപ്പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 4.2 ബില്യണ്‍ കെ.ഡി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈറ്റില്‍ നിന്ന് പുറത്തേക്ക് 21 ബില്യണ്‍ കെ.ഡി അയച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതെന്ന്  M.P അല്‍ ഷഹീന്‍ പറയുന്നു.  

 പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് മുന്‍ പാര്‍ലമെന്റുകളില്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന് പുറത്തേക്കുള്ള എല്ലാ പണ കൈമാറ്റങ്ങള്‍ക്കും 2.5 ശതമാനം ഫീസ് ഈടാക്കണമെന്നാണ് എംപിമാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി 1969 രൂപീകരിച്ച വിദേശനാണയ വിനിമയ ചട്ടത്തിൽ ഭേദഗതി വരുത്തണം. തുടർന്ന് പ്രാദേശിക, വിദേശ ബാങ്കുകൾ, ധന വിനിമയ സ്ഥാപനങ്ങൾ എന്നിവക്ക്‌ കുവൈത്ത്‌ സെന്റ്രൽ ബേങ്ക്‌ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും കരടു പ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും കരട് ബിൽ മുന്നോട്ടുവയ്ക്കുന്നു.പ്രതിപക്ഷ അംഗങ്ങൾക്ക്‌ മുൻ തൂക്കമുള്ള നിലവിലെ പാർലമെന്റിൽ ബില്ലിനു അംഗീകാരം ലഭിക്കുവാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. 

Related News