ആദ്യം 251 രൂപയ്ക്ക് ഫോൺ തരാമെന്ന് പറഞ്ഞ് പറ്റിച്ചു; ഇപ്പോൾ 200 കോടി രൂപയുടെ ഡ്രൈ ഫ്രൂഡ്സ് ഇടപാടിൽ കുടുങ്ങി;മോഹിത് ഗോയൽ അറസ്റ്റിൽ

  • 12/01/2021




251 (ഫ്രീഡം251) രൂപയ്ക്ക് മൊബൈൽ ഫോൺ നൽകുമെന്ന് അവകാശപ്പെട്ട് ബുക്കിങ്ങ് സ്വീകരിച്ച റിങ് ബെല്ലിന്റെ സ്ഥാപകൻ മോഹിത് ഗോയൽ വഞ്ചനാകേസിൽ അറസ്റ്റ്. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂഡ്സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളെ കബളിപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.

ദുബായ് ഡ്രൈ ഫ്രൂഡ്സ് ആന്റ് സ്പൈസെസ് ഹബ് എന്ന പേരിൽ ഗോയൽ മറ്റ് അഞ്ച് പേരോടൊപ്പം കമ്പനി നടത്തുന്നുണ്ട്. നോയിഡ സെക്ടർ 62ലാണ് ഇവരുടെ കമ്പനി ഓഫീസ്. ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കമ്പനിയ്ക്ക് എതിരെ 40തോളം പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പോലീസ് കമ്പനിക്കെതിരെ നടപടികൾ ആരംഭിച്ചത്.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വ്യാപാരികളിൽ നിന്നായി തട്ടിപ്പുകാർ മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലക്ക് ഡ്രൈ ഫ്രൂട്ട്സ് വാങ്ങും. വിശ്വാസ്യത സമ്പാദിക്കാനായി ആദ്യം പണം സമയബന്ധിതമായി നൽകും. പിന്നീട് വലിയ തോതിൽ ഡ്രൈ ഫ്രൂട്സ് വാങ്ങിക്കുകയും 40 ശതമാനം വില നെറ്റ് ബാങ്ങിങ് മുഖേന കൈ മാറുകയും ചെയ്യും. ബാക്കി തുകയ്ക്ക് പകരം ചെക്ക് കൈമാറുകയാണ് പതിവ്. ഈ ചെക്ക് ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികൾ പരാതിയുമായെത്തിയത്. മുഴുവൻ തുകയും നൽകാതെ വാങ്ങിയ ഡ്രൈ ഫ്രൂട്സ് തട്ടിപ്പുകാർ ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയും വൻ തുക സമ്പാദിക്കുകയും ചെയ്യും.

കഴിഞ്ഞ ഞായറാഴ്ചയാണ് നോയിഡ പോലീസ് ഗോയലിനയെയും കൂട്ടാളി ഓം പ്രകാശ് ജാൻജിദിനെയും അറസ്റ്റ് ചെയ്തത്. ഓഡി ഉൾപ്പെടെ രണ്ട് കാറുകൾ,ഡ്രൈ ഫ്രൂട്സ്, ചില രേഖകൾ തുടങ്ങിയവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Related News