ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി റിക്രൂട്ട്മെന്റ് ഏജൻസികൾ

  • 13/01/2021

 കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം മൂലം വിദേശരാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ ആശയക്കുഴപ്പം. ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള   ഗാർഹിക തൊഴിലാളികളെയാണ് കുവൈറ്റിലേക്ക് ആദ്യഘട്ടത്തിൽ മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ  ശ്രീലങ്കൻ വിമാനത്താവളം അടച്ചിട്ടതിനാൽ ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ എത്തിക്കുന്നതിൽ പ്രതിസന്ധി ഉണ്ടെന്നും റിക്രൂട്ട്മെന്റ് ഏജൻസികൾ ആരോപിക്കുന്നു. നിലവിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ മടക്കവും   ആശയക്കുഴപ്പത്തിലാണെന്നും റിക്രൂട്ട്മെന്റ് ഏജൻസികൾ വ്യക്തമാക്കുന്നു. ജനുവരി 17 മുതൽ രാജ്യത്തെ ഗാർഹിക ക്ഷാമം കണക്കിലെടുത്ത് കൂടുതൽ പേരെ മടക്കിക്കൊണ്ടുവരാൻ മന്ത്രിസഭ അനുമതി നൽകിയെങ്കിലും ഇതിൽ ഇനിയും കൂടുതൽ  കാര്യങ്ങളിൽ  വ്യക്തത വരുത്തണമെന്നാണ് റിക്രൂട്ട്മെന്റ് ഓഫീസുകളും കമ്പനികളും ആവശ്യപ്പെടുന്നത്. പി  സി ആർ പരിശോധന, ക്വാറന്റൈൻ, ഭക്ഷണം തുടങ്ങിയുള്ള ഗാർഹിക തൊഴിലാളികളുടെ ചെലവുകൾ ആര് വഹിക്കണമെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ലെന്നും റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കുന്നു. നിലവിൽ ഫിലിപ്പൈൻസിൽ നിന്നും ആദ്യഘട്ട ഗാർഹിക തൊഴിലാളികളുടെ ബാച്ചാണ് കുവൈറ്റിൽ എത്തിയത്. ഇവർ ക്വാറന്റൈൻ  കാലയളവ് പൂർത്തിയാക്കി ജോലിയിൽ  പ്രവേശിച്ചിട്ടുണ്ട്. ആർക്കും കൊവിഡില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും രാജ്യത്തെ വലിയ രീതിയിൽ ഗാർഹിക ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഏജൻസികൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ഉടൻ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News