കുവൈറ്റിൽ പ്രവാസികളുടെ പണം തട്ടാൻ വ്യാജ കോളുകൾ; സൂക്ഷിക്കണമെന്ന് ഇന്ത്യൻ എംബസ്സിയുടെ മുന്നറിയിപ്പ്

  • 14/01/2021

കുവൈത്ത് സിറ്റി: പണം തട്ടുകയെന്ന ലക്ഷ്യത്തോടുകൂടി കുവൈറ്റിലെ പ്രവാസികളെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വ്യാജ കോളുകൾ വരുന്നുണ്ടെന്ന് ഇന്ത്യൻ എംബസ്സിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരാണെന്ന തരത്തിൽ വിശദാംശങ്ങൾ നൽകി പ്രവാസികളെ ബോധ്യപ്പെടുത്തുകയും തുടർന്ന് ബാങ്ക്  വിവരങ്ങൾ ശേഖരിച്ച് പണം തട്ടുന്നതായും   ഇന്ത്യൻ  എംബസി വ്യക്തമാക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ബാങ്ക് വിവരങ്ങളും മറ്റ്  പണമിടപാടുകളുടെ വിവരങ്ങളും ആർക്കും കൈമാറ്റം ചെയ്യരുതെന്നും മുന്നറിയിപ്പുനൽകി.  കുവൈറ്റിലെ എല്ലാ ഇന്ത്യൻ പ്രവാസികളിൽ നിന്നും എംബസി ഒരിക്കലും അത്തരം പണമടയ്ക്കൽ / പണം കൈമാറ്റം,  ബാങ്ക് വിശദാംശങ്ങൾ, എന്നിവ ടെലിഫോൺ കോളുകൾ വഴിയോ, അനധികൃത മാർഗങ്ങൾ വഴിയോ ആവശ്യപ്പെടില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എംബസി നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട്  നടപടിക്രമങ്ങൾ  എംബസിയുടെ ഔദ്യോഗിക  വെബ്‌സൈറ്റിൽ (http://www.indembkwt.gov.in/) വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കുന്നു. അതിനാൽ ബന്ധപ്പെട്ട എല്ലാവരോടും അതീവ ജാഗ്രത പാലിക്കണമെന്നും വഞ്ചനാപരമായ ശ്രമങ്ങൾക്ക് ഇരയാകരുതെന്നും എംബസി അഭ്യർത്ഥിച്ചു. ഇത്തരത്തിൽ വ്യാജ കോളുകൾ ആർക്കെങ്കിലും വന്നാൽ hoc.kuwait@mea.gov.in എന്ന വെബ്സൈറ്റ് വഴി ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യാം.

Related News