അപകടസാധ്യതയുള്ള രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സഹായകമായി ഇ- പ്ലാറ്റ്ഫോം

  • 14/01/2021

കുവൈറ്റ് സിറ്റി: അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ മടക്കി കൊണ്ടുവരുന്നതിന് ഇ - പ്ലാറ്റ്ഫോമായ ബെൽസ ലാമയുടെ പ്രവർത്തനം പുരോഗമിക്കുന്നു. കോവിഡ്  പ്രോട്ടോക്കോൾ പാലിച്ച് ബെൽസലാമയിലൂടെ പ്രത്യേക നടപടിക്രമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചാണ് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടു വരുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാഷണൽ  ഏവിയേഷൻ സർവീസ് (എൻഎഎസ് ) ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഗാർഹിക തൊഴിലാളികളെ കുറഞ്ഞ ചെലവിൽ സ്പോൺസർമാർക്ക് കുവൈറ്റിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും. 14 ദിവസത്തെ ക്വാറന്റൈൻ, ഭക്ഷണം, 3 തവണയുള്ള പിസിആർ പരിശോധന,  ഗാർഹിക തൊഴിലാളികളുടെ സുരക്ഷ ഉൾപ്പെടെ 270 ദിനാർ ആണ് ഈ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യുന്ന സ്പോൺസർമാരിൽ നിന്ന് ഈടാക്കുന്നത്. അതേസമയം ടിക്കറ്റ് വില ഈ പാക്കേജിൽ ഉൾപ്പെടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. കുവൈറ്റിലേക്ക് വരുന്നവർ രാജ്യത്തെ ഒരു അംഗീകൃത ലബോറട്ടറിയിൽ നിന്ന് കോവിഡ്  പരിശോധന നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് നാഷണൽ ഏവിയേഷൻ സർവീസിന്റെ ഡയറക്ടർ ജനറൽ മൻസൂർ അൽ-ഖോസീം പറഞ്ഞു. ബെൽസലാമ പ്ലാറ്റ്ഫോം ഗാർഹിക തൊഴിലാളികൾക്ക് അവരുടെ മടക്കുമായി ബന്ധപ്പെട്ട തീയതി അടക്കം വ്യക്തമായ വിവരങ്ങൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News