എൻറിക്ക ലെക്‌സി കടല്‍ക്കൊല കേസ് ഒത്തുതീര്‍പ്പായി; 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി

  • 14/01/2021



മലയാളിയുള്‍പ്പെടെ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന കടല്‍ക്കൊല കേസില്‍ ഇറ്റലി സര്‍ക്കാര്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കും. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ബന്ധുക്കള്‍ക്ക് നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയും നല്‍കുമെന്ന് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ അറിയിച്ചു.

രാജ്യാന്തര ട്രൈബ്യൂണല്‍ കഴിഞ്ഞ മേയ് 21നു നല്‍കിയ വിധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ എട്ടിനാണ് സുപ്രീംകോടതി കേസ്  അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നല്‍കണമെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്നു വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം ഇറ്റലിയും ഇന്ത്യയും ചര്‍ച്ചചെയ്ത് ഒരു വര്‍ഷത്തിനകം തീരുമാനിക്കണമെന്നാണു രാജ്യാന്തര ട്രൈബ്യൂണല്‍ നിര്‍ദേശിച്ചത്. കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.

സംഭവത്തിലുള്‍പ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മല്‍സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി റജിസ്ട്രി തള്ളിയിരുന്നു.

2012 ഫെബ്രുവരി 15-നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് എന്റിക്ക ലെക്സി കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറ മാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവര്‍ വെടിവെച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കൊലക്കേസ് സംബന്ധിച്ച കേസ് സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയന്‍ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. എന്നാല്‍ ഇറ്റലി പിന്നീട് ആ നിലപാടു മാറ്റുകയും പ്രതികളുടെ വിചാരണ ഇന്ത്യന്‍ നിയമമനുസരിച്ച്  നടത്തണമെന്ന ആവശ്യത്തിനു വഴങ്ങുകയും ചെയ്തു.

Related News