ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടംപിടിച്ച വ്യവസായ പ്രമുഖരിൽ ആദ്യ 15 പേരിൽ പത്തും മലയാളികൾ, കോടീശ്വരന്‍മാരില്‍ ഒന്നാമന്‍ യൂസഫലി.

  • 18/01/2021

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയ, പശ്ചിമേഷ്യയിലെ അതിധനികരുടെ പട്ടികയില്‍ ആദ്യ പതിനഞ്ച് പേരില്‍ പത്ത് പേരും മലയാളികളാണ്. പട്ടികയിലെ ഒന്നാം സ്ഥാനം എംഎ യൂസഫലിയ്ക്ക് സ്വന്തം.  പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവർ. മധ്യപൂർവദേശത്തെ ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്. 

എംഎ യൂസഫലി ; ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എന്ന പട്ടവും സ്വന്തമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ എംഎ യൂസഫലിയ്ക്ക്. 8.4 ബില്യണ്‍ ഡോളറാണ് ഫോര്‍ബ്‌സ് പട്ടിക പ്രകാരം എംഎ യൂസഫലിയുടെ ആസ്തിമൂല്യം. വര്‍ഷങ്ങളായി റീട്ടെയില്‍ മേഖലയിലെ അതികായനായി തുടരുകയാണ് യൂസഫലി

സണ്ണി വര്‍ക്കി; ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനായ സണ്ണി വര്‍ക്കി. ഏഷ്യയിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും ആയി ജെംസ് എജ്യുക്കേഷന് കീഴില്‍ പഠിക്കുന്നത് 1.19 ലക്ഷ്യം വിദ്യാര്‍ത്ഥികളാണ്.

രവി പിള്ള; പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍പി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും ആയ രവി പിള്ള. 7.2 ബില്യണ്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തിമൂല്യം കണക്കാക്കിയിരിക്കുന്നത്. ആര്‍പി ഗ്രൂപ്പിന് കീഴില്‍ ഇന്ന് 20 കമ്പനികളുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, റീട്ടെയില്‍ തുടങ്ങി സമസ്ത മേഖലകളിലും സാന്നിധ്യവും ഉണ്ട്.


ഡോ ഷംഷീര്‍ വയലില്‍; വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആണ് ഡോ ഷംഷീര്‍ വയലില്‍. പട്ടികയിലെ ഏഴാം സ്ഥാനക്കാരനാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇദ്ദേഹത്തിന്. എംഎ യൂസഫലിയുടെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ഡോ ഷംഷീര്‍. 1.3 ബില്യണ്‍ ഡോളര്‍ ആണ് ആസ്തിമൂല്യം കണക്കാക്കിയിട്ടുള്ളത്.

കെപി ബഷീര്‍ (വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍); പട്ടികയിലെ ഒമ്പതാം സ്ഥാനത്തുള്ളത് മലയാളിയായ കെപി ബഷീര്‍ ആണ്. വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് ഇദ്ദേഹം. ഫാഷന്‍, ഇലക്ട്രോണിക്‌സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ 14 ബ്രാന്‍ഡുകളുമായി പരന്നുകിടക്കുന്നു വെസ്റ്റേണ്‍ ന്റര്‍നാഷണല്‍. പതിനയ്യായിരത്തോളം ജീവനക്കാരനാണ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്.

പിഎന്‍സി മേനോന്‍; പട്ടികയിലെ പത്താമന്‍ ശോഭാ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനും ആയ പിഎന്‍സി മേനോന്‍ ആണ്. 1976 ല്‍ ഒമാനില്‍ ആയിരുന്നു ശോഭ ഗ്രൂപ്പിന്റെ തുടക്കം. ഇന്ന് ഇന്ത്യയിലും പശ്ചിമേഷ്യയിലും ആയി പരന്നുകിടക്കുകയാണ് ശോഭ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ സാമ്രാജ്യം.

തുംബൈ മൊയ്തീന്‍; തുംബൈ ഗ്രൂപ്പിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് ആയ തുംബൈ മോയ്തീന്‍ ആണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ലിസ്റ്റിലെ പതിനൊന്നാമന്‍. 1998 ല്‍ ആണ് തുംബൈ ഗ്രൂപ്പിന്റെ തുടക്കം. അജ്മാനിലെ തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രതിദിനം ഇരുപതിനായിരം രോഗികളെ വരെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 2022 ആകുമ്പോഴേക്കും തങ്ങളുടെ ആശുപത്രികളുടെ എണ്ണം 15 ആക്കാനുള്ള നീക്കത്തിലാണ് തുംബൈ ഗ്രൂപ്പ്.

അദീബ് അഹമ്മദ്; ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് അദീബ് അഹമ്മദ്. അദ്ദേഹം തന്നെയാണ് 2008 ല്‍ ഗ്രൂപ്പ് സ്ഥാപിച്ചതും. പട്ടികയിലെ പന്ത്രണ്ടാമനാണ് അദീബ്. എംഎ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയാണ് അദീബിന്റെ ഭാര്യ.

ഫൈസല്‍ കൊട്ടിക്കൊള്ളാന്‍; കെഎഫ്ഇ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനും ആണ് ഫൈസല്‍ കൊട്ടിക്കൊള്ളാന്‍. ഒരു ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് കെഎഫ്ഇ. ഫോര്‍ഡ് മിഡില്‍ ഈസ്റ്റ് പട്ടികയിലെ പതിമൂന്നാമനാണ് ഫൈസല്‍. സിംഗപ്പൂരും ഇന്ത്യയും യുഎഇയും ആണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഖല.

രമേശ് രാമകൃഷ്ണന്‍ ; ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ആയ രമേശ് രാമകൃഷ്ണന്‍ ആണ് പട്ടികയിലെ പതിനാലാമന്‍. ലോജിസ്റ്റിക് മേഖലയിലെ വമ്പന്‍മാരാണ് ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്. 1989 മുതല്‍ രമേശ് രാമകൃഷ്ണനാണ് ഗ്രൂപ്പ് ചെയര്‍മാന്‍.

Related News