കുവൈത്ത് പാര്‍ലിമെന്റ് സെഷന്‍ മാറ്റിവെച്ചു.

  • 18/01/2021

കുവൈത്ത് സിറ്റി : ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കാനിരുന്ന പാര്‍ലിമെന്റ് സെഷന്‍ മാറ്റിവെച്ചതായി സ്പീക്കര്‍ മർസൂക്ക് അലി അൽ ഗാനിം അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ രാജി അമീർ ശൈഖ് നവാഫ്‌ അൽ അഹമദ് ജാബർ അൽ സബ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. പ്രധാനന്ത്രിക്കെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ നല്‍കിയ കുറ്റവിചാരണ പ്രമേയം  പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാന്‍  ഇരിക്കെയാണ് സര്‍ക്കാര്‍  രാജി സമർപ്പിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ ചുമതലകൾ തുടരുവാന്‍ അമീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 

സര്‍ക്കാരും പുതുതായി തിരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു. മന്ത്രിമാര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് പാര്‍ലിമെന്‍റ് അംഗങ്ങള്‍ ഉന്നയിച്ചത്. 50 അംഗ പാർലമെൻറിൽ 38 അംഗങ്ങളുമായി പ്രതിപക്ഷത്തിന് ആണ് നിലവില്‍ മുൻതൂക്കം.

ഡിസംബർ 14 നായിരുന്നു പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. 16 അംഗ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ക്കായിരുന്നു പ്രധാന്യം.  പാർലമെൻറ്മായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുമ്പും മന്ത്രിസഭകള്‍ രാജിവെച്ചിരുന്നു. അതിനിടെ  പ്രതിപക്ഷത്തിന് മുൻതൂക്കമുള്ളതിനാല്‍ സർക്കാറും പാർലമെൻ്റും തമ്മിലുള്ള സംഘര്‍ഷം തുടരുവനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

Related News