വീട്ട് ജോലിക്കാരെ കൊണ്ടുവരുന്നതിന് 990 ദിനാര്‍ മാത്രമേ ഈടാക്കാവുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.

  • 18/01/2021

 കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് 990 ദിനാറായി നിജപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറും  അറിയിച്ചു. റിക്രൂട്ടുമെന്‍റ്  ഓഫീസുകള്‍ വഴി കൊണ്ട് വരുന്ന ഗാര്‍ഹിക തൊഴിലാളിയുടെ ചെലവ് 990 ദിനാറായും സ്വദേശികള്‍ നേരിട്ട് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് 390 ദിനറുമായാണ് നിശ്ചയിച്ചിരിക്കുന്നത് . ഓഫീസ് വഴി റിക്രൂട്ട് ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും തൊഴിലുടമയുടെ വീട്ടില്‍ ജോലി ചെയ്യണമെന്നും കാലാവധി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റിക്രൂട്ട് ഓഫീസ് വീട്ടുടമക്ക് നഷ്ടപരിഹാരവും ഗാര്‍ഹിക തൊഴിലാളിയെ മാതൃ രാജ്യത്തേക്ക് അയക്കുവാനുള്ള ചിലവും വഹിക്കണമെന്നും  പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 

കോവിഡ് പശ്ചാത്തലത്തിൽ റിക്രൂട്ടുമെന്‍റ്  ഓഫീസുകള്‍ അമിതമായ ഫീസുകള്‍ വാങ്ങുന്നതിനെ തുടര്‍ന്ന് സ്വദേശികളില്‍ നിന്നും  നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പൗരന്മാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് ഇപ്പോയത്തെ നടപടിയെന്നും സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ നിന്നും കൂടുതല്‍ ഫീസ് ഈടാക്കിയാല്‍ വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ ഹോട്ട്‌ലൈൻ നമ്പറായ 135 ലോ അല്ലെങ്കിൽ domestic.workers@manpower.gov.kw എന്ന ഇമെയില്‍ വിലാസത്തിലോ പരാതി അയക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

അതിനിടെ ഗാര്‍ഹിക കമ്പിനികള്‍ വഴി വരുന്ന തൊഴിലാളികളുടെ പിസി ആർ ടെസ്റ്റ്‌, ആരോഗ്യസുരക്ഷാ മുൻകരുതൽ, ക്വാറന്റൈനിലെ ചിലവുകൾ എന്നിവ  റിക്രൂട്ട് ഓഫീസുകള്‍ വഹിക്കുന്നതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ തൊഴിലാളികളെ ലഭ്യമാക്കുവാന്‍ സാധിക്കില്ലെന്ന് റിക്രൂട്ട്മെൻറ് സ്ഥാപനങ്ങള്‍ വ്യക്തമാക്കി.  വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള ചിലവ് 40 മുതൽ 50 ശതമാനം വരെ ഉയര്‍ന്നിരിക്കുന്ന കോവിഡ്  സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം  അംഗീകരിക്കുവാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് യൂനിയൻ . 

Related News