കുവൈത്തില്‍ സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു: വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്ത യോഗം ചേര്‍ന്നു

  • 18/01/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ  മുൻകരുതലുകളുമായി സ്‌കൂൾ തുറക്കുവാനുള്ള  നടപടികൾ ചര്‍ച്ച ചെയ്യുവാന്‍ വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്ത യോഗം ചേര്‍ന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവ പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമായ മുൻകരുതൽ നടപടികളെക്കുറിച്ചുള്ള വിശദമായി ചര്‍ച്ച ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്കൂള്‍ സ്കൂൾ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷാ ഉറപ്പിക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു.രാജ്യത്തെ സ്കൂളുകള്‍ ക്രമേണ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ആദ്യ ഘട്ടമായാണ് യോഗം ചേര്‍ന്നത്.  കാര്യങ്ങൾ വിശദമായി പഠിക്കുന്നതിനായി അടുത്ത ആഴ്ച വീണ്ടും  യോഗം ചേരുമെന്ന് അധികൃതര്‍  അറിയിച്ചു.

അതിനിടെ നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ രാജ്യത്തെ  സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂയെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ആരോഗ്യ വിദഗ്ദരുമായും രക്ഷിതാക്കള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ എല്ലാവരുമായി ആശയവിനിമയം നടത്തി മതിയായ സുരക്ഷാ മുന്നൊരുക്കങ്ങളോടെ മാത്രമേ ഈ വിഷയത്തില്‍ അന്തിമ  തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന്  അധികൃതര്‍ വ്യക്തമാക്കി. 

Related News