ചൂടാക്കിയാൽ മണൽ സ്വർണമാകും; സ്വർണ വ്യാപാരിയെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങൾ

  • 23/01/2021


 

പൂനെ : ചൂടാക്കിയാല്‍ സ്വര്‍ണ തരികളാകുന്ന 'മാജിക് ' മണ്ണെന്ന പേരില്‍ യുവാക്കള്‍ നല്‍കിയ മണ്ണ് വാങ്ങിയ ജ്വല്ലറി വ്യാപാരിയ്ക്ക് നഷ്ടമായത് 50 ലക്ഷം രൂപ. പൂനെയിലെ ഹദാസ്പാറിലുള്ള ജ്വല്ലറി വ്യാപാരിയാണ് കബളിപ്പിയ്ക്കപ്പെട്ടത്. സ്വര്‍ണ തരികളായി മാറുന്ന നാല് കിലോ മണ്ണിനായി 49.92 ലക്ഷം രൂപയാണ് വ്യാപാരി യുവാക്കള്‍ക്ക് നല്‍കിയത്.

ഒരു വര്‍ഷം മുന്‍പാണ് ഈ സംഭവങ്ങള്‍ക്ക് തുടക്കമായത്. 39-കാരനായ ജ്വല്ലറി വ്യാപാരിയുടെ അടുത്ത് തട്ടിപ്പ് സംഘത്തിലെ ഒരു യുവാവ് സൗഹൃദം സ്ഥാപിച്ചു. ഇയാള്‍ പിന്നീട് വ്യാപാരിയുടെ കുടുംബവുമായും സൗഹൃദമുണ്ടാക്കി. തുടര്‍ന്ന് വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാകുകയും ജ്വല്ലറി ഉടമയുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്തു.തുടര്‍ന്നാണ് തന്റെ കൈയ്യില്‍ ബംഗാളിലുള്ള പ്രത്യേക തരം മണ്ണ് ഉണ്ടെന്നും ഇത് ചൂടാക്കിയാല്‍ സ്വര്‍ണ തരികളായി മാറുമെന്നും വ്യാപാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

സ്വര്‍ണ തരികളായി മാറുമെന്ന പ്രതീക്ഷയില്‍ മണ്ണ് ചൂടാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം സ്വര്‍ണ വ്യാപാരിക്ക് മനസ്സിലായത്. ഇതോടെ വ്യാപാരി പൊലീസില്‍ പരാതിയുമായി എത്തി. മൂന്ന് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Related News