പ്രായം തടസമല്ല; ഋതുമതിയായ മുസ്ലിം പെൺകുട്ടിയ്ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാമെന്ന് കോടതി

  • 10/02/2021

ചണ്ഡീഗഡ്: മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് പ്രായം 18 ൽ താഴെയാണെങ്കിലും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് & ഹരിയാണ ഹൈക്കോടതി. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി പ്രസ്താവം.

താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേർപ്പെടാൻ ഋതുമതിയായ പെൺകുട്ടിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(Principles of Mohammedan Law)എന്ന പുസ്തകത്തിലെ 195-ാം വകുപ്പ് പരാമർശിച്ച് കോടതി ചൂണ്ടിക്കാട്ടി.

സ്ഥിരബുദ്ധിയില്ലാത്തവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരുടെ വിവാഹക്കരാറിലേർപ്പെടാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായവരുടെ പൂർണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195-ാം വകുപ്പിൽ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.

2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം പ്രസ്താവിച്ചത്. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്. മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയിൽ പെടുന്നതാണെന്നും കുടുംബാംഗങ്ങൾക്ക് വിവാഹത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിർപ്പുള്ളതു കൊണ്ടു മാത്രം ദമ്പതിമാർക്ക് നിയമം ഉറപ്പു നൽകുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Related News