സിപിഐ നേതൃത്വവുമായി ഭിന്നത: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടനൽകി കനയ്യ കുമാർ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

  • 16/02/2021

പാട്ന: ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന് സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായി. ഈ സാഹചര്യത്തിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടനൽകി കനയ്യ കുമാർ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും ജെഡിയുവിന്റെ അമിത്ഷാഎന്നും അറിയപ്പെടുന്ന അശോക് ചൗധരിയുമായാണ് കനയ്യകുമാർ ചർച്ച നടത്തിയത്.

ഡിസംബറിൽ പാട്നയിലെ പാർട്ടി ഓഫിസിൽ കനയ്യയുടെ അനുയായികൾ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിൽ സിപിഐ ദേശീയ കൗൺസിലിൽ താക്കീത് ചെയ്തിരുന്നു. ബഗുസരായി ജില്ലാ കൗൺസിൽ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചത്. എന്നാൽ സംഭവത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്തമാക്കി.

ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ തന്നെ താക്കിത് ചെയ്ത നടപടി പിൻവലിക്കണമെന്നും കനയ്യ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്നാൽ പാർട്ടി നടപടി തിരുത്താൻ തയാറല്ലെന്ന് വ്യക്തമാക്കി. അശോക് ചൗധരിയെ കനയ്യ കണ്ടത് ഈ സാഹചര്യത്തിലാണ്. പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സിപിഐ വിട്ട് ജെഡിയുവിൽ ചേരുമെന്ന അഭ്യൂഹം ആണ് ഇപ്പോൾ ശക്തമായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തത് സംബന്ധിച്ച് കനയ്യ ശക്തമായ പ്രതിഷേധം പാർട്ടിയിൽ ഉയർത്തിയിരുന്നു.

കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നെന്ന് പ്രഖ്യാപിച്ചതൊഴിച്ചാൽ ചർച്ച ആയത് എന്താണെന്ന് അടക്കം കനയ്യ വ്യക്തമാക്കിയില്ല. അതേസമയം, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ‘അച്ചടക്കമുള്ള നേതാവായി’ മാറാൻ തയാറാണെങ്കിൽ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. കനയ്യ ജെഡിയുവിൽ ചേർന്ന് മുഖ്യധാരയിലെയ്ക്ക് വരുന്നതിനെ എതിർക്കേണ്ടതില്ലെന്ന് ബിജെപിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബിഎസ്പിയുടെ ഏക എംഎൽഎയും ഒരു സ്വതന്ത്ര എംഎൽഎയും ജെഡിയുവിന്റെ ഭാഗമായത്.

Related News