കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

  • 22/02/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ശുപാർശയും സമർപ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ്  കൊറോണ എമര്‍ജന്‍സി മന്ത്രിതല കമ്മിറ്റി യോഗം കൂടിയിരുന്നത്.  കമ്മിറ്റിയുടെ ശുപാര്‍ശകളായി മന്ത്രിസഭക്ക്  സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ഇല്ലെന്നാണ് അറിയുന്നത്. ഇതുവരെ കര്‍ഫ്യൂ സംബന്ധമായ തീരുമാനമെടുത്തില്ലെന്നും സ്ഥിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം  വ്യക്തമാക്കിയിരുന്നു.  

നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മാസങ്ങളാണ് കര്‍ഫ്യൂ അടക്കമുള്ള കര്‍ശനമായ നിയന്ത്രണങ്ങള്‍  പ്രഖ്യാപിച്ചത്. തുടര്‍ന്ന് കോവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരികയും  കര്‍ഫ്യൂ പിന്‍വലിക്കുകയുമായിരുന്നു . കഴിഞ്ഞ ആഴ്ചകളില്‍  കോവിഡ് കേസുകള്‍ കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും കര്‍ഫ്യൂവിനെ പറ്റി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചത്.ദേശീയ ദിന ആഘോഷങ്ങളുമായി  ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കുവാന്‍ അവധി ദിവസങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.  രാജ്യത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകളും കര്‍ഫ്യൂ ഉണ്ടാകുമെന്ന ഊഹാപോഹത്തിന് കാരണമായിട്ടുണ്ട്. ഏതായലും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News