വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യവുമായി പാര്‍ലിമെന്‍റ് അംഗങ്ങള്‍

  • 22/02/2021

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്നും  വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തുന്നതിന് സമ്മര്‍ദ്ദം ശക്തമാകുന്നു.കഴിഞ്ഞ ദിവസം ഇത് സംബന്ധമായ കരടു പ്രമേയം  പാര്‍ലിമെന്‍റ് അംഗം അബ്ദുല്ല അൽ തുരൈജി  ദേശീയ അസംബ്ലിക്ക് മുന്നില്‍  സമര്‍പ്പിച്ചു. വ്യക്തികൾ, കമ്പനികൾ, ഓർഗനൈസേഷനുകൾ എന്നീവ  വഴി അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നും പണമയക്കുമ്പോള്‍ പിരിച്ചെടുക്കുന്ന നികുതി സെൻട്രൽ ബാങ്കിന് കൈമാറുമാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. അംഗീകാരമില്ലാത്ത മണി  എക്സ്ചേഞ്ചുകളിലൂടെയും ബാങ്കുകളിലൂടെയും പണം കൈമാറ്റം ചെയ്യുന്നവരെ അഞ്ച് വർഷത്തേക്ക് ജയിലിൽ അടക്കാനും അല്ലെങ്കില്‍ കൈമാറ്റം ചെയ്ത തുകയുടെ ഇരട്ടി പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ പൊതുസാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള പണത്തിന്റെ കൈമാറ്റം നിയന്ത്രിക്കാനും പുതിയ നിര്‍ദ്ദേശത്തിലൂടെ സാധിക്കുമെന്ന്  അബ്ദുല്ല അൽ തുരൈജി പറഞ്ഞു. 

നിലവില്‍ വിദേശത്തേക്ക് പണം അയക്കുമ്പോള്‍ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന് ഒന്നും ലഭിക്കുന്നില്ല. സമാനമായ കരട് ബില്‍ നേരത്തെ നിരവധി തവണ എംപിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും  പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതോടെ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്‍ തൂക്കമുള്ളതിനാല്‍ നിലവിലെ പാര്‍ലമെന്റില്‍ ബില്ലിനു അംഗീകാരം ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. 

Related News