കോവിഡ് പ്രതിസന്ധി: വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് ; അപ്പാർട്ട്മെന്റ് വാടക കുറയുന്നു.

  • 23/02/2021

കുവൈത്ത് സിറ്റി : കോവിഡ് രോഗം മൂലമുണ്ടായ ലോക് ഡൗണും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും  രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വിദേശി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും  വെട്ടിക്കുറച്ചതും ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും കാരണം ആയിരക്കണക്കിന്  വിദേശി കുടുംബങ്ങളാണ് രാജ്യത്ത് നിന്നും ഒഴിഞ്ഞുപോയത്. പ്രതിസന്ധി തുടരുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശി കുടുംബങ്ങള്‍ രാജ്യം വിട്ടു പോകുന്നതിന് നിര്‍ബന്ധിതരാകും. അതോടപ്പം സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം മൂലം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതും നിത്യജീവിത ചെലവ് വര്‍ധിച്ചതും പ്രവാസി കുടുംബങ്ങള്‍ തിരികേ പോകാന്‍ കാരണമായിട്ടുണ്ട്. അതോടപ്പം നാട്ടില്‍ കുടുങ്ങിയ  പ്രവാസികള്‍ക്ക്  രാജ്യത്തേക്ക് മടങ്ങാനാകാത്തതും പുതിയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിസന്ധി ഈ രീതിയില്‍ തുടരുകയാണെങ്കില്‍  രാജ്യത്ത് ഏകദേശം 30 ശതമാനത്തോളം ഫ്ലാറ്റുകള്‍ ഒഴിവ് വരാന്‍ സാധ്യതയുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. 

ജോലി നഷ്ടമായതിനാല്‍ അപ്പാർട്ടുമെന്റുകൾക്ക് വാടക കുടിശ്ശിക പോലും നല്‍കാനാകാതെ നിരവധി പേരാണ്  കുടുംബങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചത് . അതോടപ്പം പലരും  ബാച്ചിലര്‍ റൂമിലേക്ക് മാറിയതും ഫ്ലാറ്റുകള്‍ കാലിയാകുവാന്‍ കാരണമായി. നിലവില്‍ ഫഹാഹീല്‍,  മങ്കഫ്,  ഹവല്ലി,  സാല്‍മിയ, ഖൈയ്താന്‍,  ഫര്‍വാനിയ ജലീബ് ശുയൂഖ്, എന്നീ പ്രദശങ്ങളില്‍ നിരവധി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. സാല്‍മിയ, ഹവല്ലി  പ്രദേശങ്ങളില്‍ വാടക നിരക്ക് കുറച്ചിട്ടുമുണ്ട്. അതേസമയം മലയാളികള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയായിലും നിരവധി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിക്ക ഫ്ലാറ്റുകളിലും നേരത്തെയുള്ളതില്‍ നിന്നും കുറഞ്ഞ വാടകക്കാണ് റൂമുകള്‍ നല്‍കുന്നത്. 

അതോടപ്പം പുതിയ വിസകള്‍ നല്‍കുന്നത് നിര്‍ത്തിയതും തൊഴിൽ വിപണിയില്‍  രാജ്യത്തെ പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതും വലിയ ആശങ്കയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നല്‍കുന്നത്. വിദേശികളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ ഇനിയും കൂടുതല്‍ ഫ്‌ളാറ്റുകള്‍ ഒഴിയുമെന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ തളര്‍ത്തുമെന്നും റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ പറഞ്ഞു. 

Related News