'കോവിഡ് പ്രതിരോധം; ഇന്ത്യ - കുവൈറ്റ് സഹകരണം' ഇന്ത്യൻ എംബസി സിമ്പോസിയം സംഘടിപ്പിച്ചു.

  • 24/02/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ ഡോക്ടർസ്  ഫോറം (ഐഡിഎഫ്), കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ (കെഎംഎ) എന്നിവയുമായി സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി "കോവിഡ് പ്രതിരോധം;  ഇന്ത്യ - കുവൈറ്റ് സഹകരണം" എന്ന പേരിൽ സിമ്പോസിയം സംഘടിപ്പിച്ചു. ഫെബ്രുവരി 23 ന് ഓൺലൈനായി സംഘടിപ്പിച്ച പ്രോഗ്രാം ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘടനം ചെയ്തു. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ വിജയഗാഥ, വാക്സിൻ പ്രോഗ്രാം, “ഫാർമസി ഓഫ് ദി വേൾഡ്”, ഇന്ത്യയും കുവൈത്തും  തമ്മിലുള്ള ആരോഗ്യ മേഖലയിൽ വർദ്ധിച്ചുവരുന്ന ഉഭയകക്ഷി സഹകരണം എന്നിവയെക്കുറിച്ച് അംബാസിഡർ സംസാരിച്ചു.

ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ  കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. അഹ്മദ് തുവൈനി അൽ-എനെസി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ ഡോക്ടർസ്  ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ചടങ്ങിൽ പ്രസംഗിക്കുകയും സിമ്പോസിയത്തിലെ  പാനൽ സ്പീക്കറുകളെ പരിചയപ്പെടുത്തുകയും ചെയ്തു. 

കുവൈത്തിലെ ജാബർ അൽ അഹമ്മദ് സായുധ സേന ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റും ഹെഡും ഡോ. ​​പി. ശങ്കർ നാരായണ മേനോൻ ചർച്ച നിയന്ത്രിച്ചു. പാനലിലെ മറ്റ് അംഗങ്ങൾ: ഡോ. അരിജിത് ചട്ടോപാധ്യായ, കൺസൾട്ടന്റ് എൻ‌ഡോക്രൈനോളജിസ്റ്റ്, മെഡിക്കൽ വിഭാഗം അൽ സബ ഹോസ്പിറ്റൽ, ജാബെർ അൽ സബ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം സീനിയർ രജിസ്ട്രാർ ഡോ. മനു കുറിയൻ ബേബി; അൽ സബ ഹോസ്പിറ്റലിലെ അനസ്തേഷ്യ വകുപ്പ് സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. രോഹിത് ലോഹാനി; ഇൻഫെക്ഷൻ ആശുപത്രിയിലെ മെഡിസിൻ വിഭാഗം സീനിയർ ഫിസിഷ്യൻ ഡോ. സരോജ് ബാല ഗ്രോവർ എന്നിവർ പാനൽ ചർച്ചയിൽ കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തി.

കുവൈത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ഓൺലൈനായി പരിപാടിയിൽ  പങ്കെടുത്തതോടെ സിമ്പോസിയം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.  ഇവന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  എംബസിയുടെ വെബ്‌സൈറ്റിലും  സോഷ്യൽ മീഡിയകളിലും ലഭ്യമാകും.  


Related News