കുവൈത്തിലേക്കുള്ള യാത്രക്കാര്‍ മോസഫർ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി

  • 27/02/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും മോസഫർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷന്‍ അറിയിച്ചു. നാഷണൽ ഏവിയേഷൻ സർവീസസ് (നാസ്) വികസിപ്പിച്ചെടുത്ത മോസഫർ ഓൺലൈൻ സംവിധാനം  2020 ജൂലൈയിലാണ് ആരംഭിച്ചത്. ഫെബ്രുവരി 21 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍  ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍റൈനും  പി‌സി‌ആർ പരിശോധനകളും  ബുക്ക് ചെയ്യുന്നത് മോസഫർ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വാക്സിനേഷൻ ഡിപ്പാര്‍ട്ട്മെന്‍റുമായും  മോസഫർ ലിങ്ക് ചെയ്തിട്ടുണ്ട്. രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായി ഒരൊറ്റ പ്ലാറ്റ്ഫോം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് മോസഫർ പ്ലാറ്റ്ഫോം വിപുലീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു . 

വിമാനത്താവളത്തിലെ അനാവശ്യ തിരക്കുകള്‍ ഒഴിവാക്കുവാനും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സോഷ്യല്‍ അകലം പാലിക്കുവാനും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുവാനും  പുതിയ സാങ്കേതികവിദ്യയിലൂടെ സാധ്യമായിട്ടുണ്ടെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ അറിയിച്ചു. അതോടപ്പം ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ കസ്റ്റമർ കെയർ മോസഫർ ഓൺലൈൻ പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകതയാണ്. ഗള്‍ഫില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനമാണെന്നും യാത്രക്കാർ‌ക്ക് അവരുടെ  അഭിപ്രായങ്ങൾ‌ നൽ‌കാനും ഫീഡ്‌ബാക്ക് നൽകാനും സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

Related News