കുവൈത്തില്‍ നിര്‍ബന്ധിത ക്വാറന്‍റൈന് വേണ്ടി അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകളും സജ്ജമാക്കാന്‍ സാധ്യത.

  • 28/02/2021

കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്നതിനായി സജ്ജമാക്കിയ ഹോട്ടലുകളുടെ പട്ടികയില്‍ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകളും ഉള്‍പ്പെടുത്താന്‍ സാധ്യത. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ലഭിക്കേണ്ടതുണ്ട്.  ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ററൈന്‍ കൃത്യമായി നടപ്പിലാക്കാന്‍ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകള്‍ക്ക് സാധിക്കുമോയെന്ന് ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ സ്ഥിതിഗതികള്‍ പരിശോധിക്കുക, യാത്രക്കാര്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതിനുള്ള ക്രമീകരണം വിലയിരുത്തുക എന്നിവ കൂടി പഠിച്ച ശേഷമേ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ലഭിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകളില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍  ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവിനെക്കുറിച്ച് ധാരണയായിട്ടില്ല.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. പരമാവധി ആളുകള്‍ക്ക് ഇനിയുള്ള കുറച്ച് മാസങ്ങള്‍ കൊണ്ട് വാക്‌സിന്‍ ലഭ്യമാക്കാനുള്ള പരിശ്രമത്തിന്റെ പ്രതിഫലനമാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 228,000 പൗരന്മാരും പ്രവാസികളുമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് ആകെ ജനസംഖ്യയുടെ 5.3 ശതമാനമാണ്.

മിശ്‌റഫിലെ കുവൈത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിന് പുറമെ മറ്റ് ഓരോ ഗവര്ണറേറ്റുകളിലെയും  ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ യൂണിറ്റുകള്‍ തുറക്കുന്നതോടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷയ്ക്കായി ഒന്നോ, രണ്ടോ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് തുടരണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.

Related News