സിവില്‍ ഐ.ഡി ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കുന്നു

  • 02/03/2021

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിവില്‍ ഐ.ഡി ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ശേഷി 30 ശതമാനമായി കുറക്കുവാനും  ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും സ്ഥലസൗകര്യവും പ്രവർത്തന സ്വഭാവവും പരിഗണിച്ച് സമൂഹിക അകലം ഉറപ്പുവരുത്തി പ്രവർത്തിക്കുവാനും സര്‍ക്കാര്‍ നേരത്തേ  നിര്‍ദ്ദേശം നല്കിയിരുന്നു.   ഓഫീസിൽ ഹാജരാകാത്ത ദിവസം ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണമെന്നും പാസി  അധികൃതര്‍ അറിയിച്ചു.

പാസിയിലെ മിക്ക സേവനങ്ങളും www.paci.gov.kw വെബ്സൈറ്റ് വഴി ഓൺ‌ലൈനായി ലഭ്യമാണെന്നും  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസില്‍ സന്ദര്‍ശിക്കുന്നവര്‍  വെബ്സൈറ്റ് വഴി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചക്ക് 2 മുതൽ വൈകുന്നേരം 5:30 വരെയുമാണ് പാസി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക  . ജഹ്‌റ ശാഖയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയാണ് പ്രവര്‍ത്തന സമയം. സിവില്‍ ഐ.ഡി കാര്‍ഡുകള്‍ സൌത്ത് സൂറയില്‍ രാവിലെ 8 മുതൽ രാത്രി 8 വരെയും  ജഹ്‌റ, അഹ്മദി ഓഫീസുകളില്‍ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും ലഭ്യമാകും. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News