കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു: അതീവ ജാഗ്രതയില്‍ കുവൈത്ത്

  • 04/03/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി  കോവിഡ് കേസുകള്‍ അനിയന്ത്രിതമായി കൂടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍.നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു.  കൊറോണ പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം തുടർച്ചയായ രണ്ടാം ദിവസമാണ്  രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 1,409  കോവിഡ് കേസുകളാണ്  സ്ഥിരീകരിച്ചത്.  ഫെബ്രുവരി മുതല്‍ കോവിഡ് വ്യാപനം രൂക്ഷമായി വരികയാണ്. കേസുകളില്‍ വന്‍ വര്‍ദ്ധനാവ് ഉണ്ടാകുന്നത് ആശുപത്രികളില്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ഠിക്കുന്നത്. ഇത് വരെയായി 194,781 കൊറോണ  കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.  നിലവില്‍  182,196 പേര്‍ കോവിഡ് രോഗ വിമുക്തരായിട്ടുണ്ട്. ആക്ടീവ് കേസുകളായി 11,488 പേരുമാണുള്ളത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.54 ശതമാനമാണ്. 

കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം സമീപ ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ ക്രമാതീതമായി ഉയരുന്നത് ശക്തമായ ആശങ്കക്കാണ് വഴിവെക്കുന്നത്. ആരോഗ്യ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ കാണിക്കുന്ന അമാന്തമാണ് കേസുകള്‍ ഈ രീതിയില്‍ കൂടുവാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍  നല്‍കുന്ന സൂചനകള്‍. സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിക്കുന്നവര്‍ നിയമം ലംഘിച്ച് ഒത്തുകൂടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അതിനിടെ  ജനങ്ങളുടെ സഹകരണം ലഭിച്ചില്ലെങ്കില്‍ രാജ്യത്ത് വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ വീണ്ടും ഉയരുകയാണെങ്കില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ  ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ ആലോചിക്കും. ലോക്ഡൌണ്‍ പോലുള്ള കര്‍ശനമായ  നിയന്ത്രണങ്ങള്‍ വ്യാപാര മേഖലയെ സാരമായി ബാധിച്ചത് കൊണ്ടാണ് ഇളവുകള്‍ നല്‍കിയതെന്നും സ്ഥിതി നിയന്ത്രണവിധേയമായില്ലെങ്കില്‍ വീണ്ടും കര്‍ഫ്യൂ നടപ്പാക്കാന്‍ മടിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യ പ്രതിരോധ നടപടികള്‍ സ്വീകരിച്ച്  മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കുവാനും സാമൂഹിക അകലം പാലിക്കാനും അഭ്യര്‍ഥിച്ച ആരോഗ്യ അധികൃതര്‍ വാര്‍ത്തകള്‍ക്കും ആരോഗ്യ അപ്ഡേറ്റുകള്‍ക്കുമായി  മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അക്കൗണ്ടുകൾ സന്ദർശിക്കാനും ആവശ്യപ്പെട്ടു. 

Related News