കുവൈത്തില്‍ മന്ത്രിസഭാപ്രതിവാര യോഗം ചേർന്നു; കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

  • 09/03/2021

കുവൈറ്റ് സിറ്റി :  പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ മന്ത്രിസഭ തിങ്കളാഴ്ച പ്രതിവാര യോഗം ചേർന്നു. രാജ്യത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ മന്ത്രിസഭയെ അറിയിച്ചു. ഇതുവരെ 322,000 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം ചെറുക്കാന്‍ എല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും മന്ത്രിസഭ ആവശ്യപ്പെട്ടു.

അതേസമയം,  ഇസ്റാഅ് മിഅ്റാജ് അവസരത്തിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ സബയെയും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ-ജാബർ അൽ സബയെയും കുവൈറ്റ് ജനതയേയും മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, കോവിഡ് 19 അടിയന്തരാവസ്ഥകൾക്കായുള്ള ഔദ്യോഗിക കമ്മിറ്റിയുടെ ശുപാർശകൾ മന്ത്രിസഭ പഠിക്കുകയും തീരുമാനങ്ങൾ കൈകൊള്ളുകയും ചെയ്തു. സാംക്രമിക രോഗങ്ങളിൽ നിന്നുള്ള ആരോഗ്യപരമായ മുൻകരുതലുകൾ സംബന്ധിച്ച് 1969ലെ ലോ നമ്പർ (8) ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കരട് നിയമം ത്വരിതപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിക്കാൻ ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയെ ചുമതലപ്പെടുത്തും. ഭാഗിക കർഫ്യൂ കാലയളവിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് കോപ്പറേറ്റീവ് സൊസൈറ്റികളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും പ്രവേശിക്കാനുള്ള അപ്പോയിന്റ്മെന്റ് റിസർവേഷൻ സംവിധാനം പുനരാരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുവൈത്തില്‍ കൊറോണ രോഗ വ്യാപനത്തിലുള്ള ആശങ്ക തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Related News