ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിലേക്ക്

  • 10/03/2021

കുവൈത്ത് സിറ്റി : മാസങ്ങളുടെ ഇടവേളക്ക് ശേഷം  ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ വീണ്ടും കുവൈത്തിലേക്ക് എത്തുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്ത വീട്ടുജോലിക്കാരുടെ ആദ്യത്തെ ബാച്ച് അടുത്താഴ്ച കുവൈത്തിലെത്തുമെന്ന് ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്മെന്റ് ഏജൻസികളുടെ തലവൻ ഖാലിദ് അൽ ദഖ്നാൻ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ  ഒന്നരവർഷമായി ഗാര്‍ഹിക ഓഫീസുകളുടെ റിക്രൂട്മെന്റ് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ജനുവരിയിലായിരുന്നു കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. പുതിയ വിസകള്‍ നല്‍കുന്നത്  നിര്‍ത്തിവെച്ചതും  അവധിക്ക് നാട്ടില്‍ പോയ തൊഴിലാളികള്‍ തിരിച്ചുവരാതിരുന്നതും ഗാര്‍ഹിക തൊഴിലാളി ക്ഷാമം വര്‍ദ്ധിക്കാന്‍ കാരണമായി. 

മാസങ്ങള്‍ നീണ്ട് നിന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള വീട്ട് ജോലിക്കാര്‍ എത്തുന്നത്. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് റിക്രൂട്മെന്റ് ആരംഭിച്ചത്.ഗാര്‍ഹിക തൊഴിലാളികളുടെ ഡിമാന്‍ഡ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ട് ജോലിക്കാരുടെ ശമ്പളം  500 ദിനാര്‍ വരെയായി ഉയര്‍ന്നിരുന്നു.  അതിനിടെ  280 ളം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ  കുവൈത്തില്‍ എത്തിയതായും  ശ്രീലങ്ക,നേപ്പാൾ, ബംഗ്ലദേശ് എന്നി രാജ്യങ്ങളില്‍  നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായും  ഗാര്‍ഹിക ഓഫീസുകള്‍ അറിയിച്ചു. 

ഫിലിപ്പിനോ തൊഴിലാളികളെ ബാധിക്കുന്ന തൊഴിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഫിലിപ്പിനോ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.  ഏകീകൃത കരാർ വിഷയത്തിൽ ഫിലിപ്പീൻസും കുവൈത്തും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കരാർ ഒപ്പിടുകയാണെങ്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് എളുപ്പമാകുമെന്നും ഫിലിപ്പീൻസ് എംബസ്സി വൃത്തങ്ങള്‍ പറഞ്ഞു. 

Related News