നെഗറ്റീവ് ഗ്രൂപ്പ് രക്തങ്ങള്‍ക്ക് ക്ഷാമം ; രക്തം ദാനം നല്‍കാന്‍ അഭ്യര്‍ഥിച്ച് ബ്ലഡ് ബാങ്ക്

  • 11/03/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി ബ്ലഡ് ബാങ്ക് അറിയിച്ചു. വൈകുന്നേരം 8 മണി വരെ ദാതാക്കളെ സ്വീകരിക്കുമെന്നും കർഫ്യൂ സമയങ്ങളിൽ ദാതാവിന് എക്‌സിറ്റ് പെർമിറ്റ് ലഭിക്കുന്നതിന് http://btas-kw.org എന്ന വെബ്‌സൈറ്റ് വഴി എക്സിറ്റ് പെര്‍മിറ്റ് എടുക്കാമെന്നും രക്ത ബാങ്ക് വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് വാക്‌സിൻ സ്വീകരിച്ചവര്‍ രക്തം ദാനം ചെയ്യാൻ 14 ദിവസം കാത്തിരിക്കണമെന്നും എന്നാല്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കാലതാമസമില്ലാതെ രക്തം ദാനം ചെയ്യാമെന്നും ബ്ലഡ് ബാങ്ക് അറിയിച്ചു. നെഗറ്റീവ്, ഓ നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ടവരില്‍  രക്തം നല്‍കാന്‍ തയ്യാറുള്ളവർ  രക്തദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക് അഭ്യര്‍ഥിച്ചു. കൊവിഡിനെ ഭയന്ന് ആശുപത്രിയിലെത്താൻ ഭൂരിഭാഗം പേരും മടിക്കുന്നതിനാൽ  രക്തദാതാക്കളുടെ എണ്ണം കുറയകയും നെഗറ്റീവ് ഗ്രൂപ്പിലുമുള്ള രക്തത്തിന് ക്ഷാമമുണ്ടാകുകയുമായിരുന്നു. 

നൽകുന്ന ഒരോ തുള്ളി രക്തവും ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുമെന്നും  ദാതാവിന് പല വിധത്തിലുള്ള ഗുണങ്ങളും രക്തദാനം കൊണ്ട് ലഭിക്കുന്നുമുണ്ടെന്നും ആരോഗ്യ അധികൃതര്‍ പറഞ്ഞു. അവയവദാനം പോലെ തന്നെ മഹത്തരമായ കാര്യമാണ് രക്തദാനമെന്നും ഇത് മനസ്സിലാക്കി കൂടുതൽ പേർ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വന്നാൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്ക് ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുമെന്നും ബ്ലഡ് ബാങ്ക് അധികൃതര്‍ പറഞ്ഞു. 

Related News