കുവൈത്തിൽ സെപ്റ്റംബറിൽ സ്കൂളുകള്‍ തുറക്കുവാന്‍ ആലോചന

  • 15/03/2021

കുവൈത്ത് സിറ്റി : സെപ്റ്റംബറോട് കൂടി സ്കൂള്‍  തുറന്നു പ്രവർത്തിക്കുവാന്‍ ആവശ്യമായ പദ്ധതികള്‍  ആവിഷ്കരിക്കാൻ വിദ്യാഭ്യാസ സമിതി ശുപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. മന്ത്രിസഭയായിരിക്കും  ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. രാജ്യത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ല. കൊവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദ്യാഭ്യാസ സമിതി വ്യക്തമാക്കുന്നു. 

സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പദ്ധതികള്‍  തയ്യാറാക്കാൻ ആരോഗ്യ മന്ത്രാലയവുമായി ഉയർന്ന തലത്തിൽ ഏകോപനം നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും  സ്കൂളുകളുടെ സന്നദ്ധത തയ്യാറാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഓരോ വിദ്യാഭ്യാസ ജില്ലയിലും ആരോഗ്യ -വിദ്യാഭ്യാസ വകുപ്പുകളുടെ  സംയുക്ത  ടീമുകൾ രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
 
വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം  വര്‍ദ്ധിക്കുന്നതിനാല്‍  സെപ്റ്റംബറോട് കൂടി സ്കൂളുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഓൺലൈൻ പഠനം സെപ്റ്റംബര്‍ വരെ തുടരും. കുട്ടികളുടെ പ്രായം നോക്കുമ്പോൾ പ്രത്യേകിച്ചും ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ, സാമൂഹിക അകാലത്തെക്കുറിച്ചും മറ്റു മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല.കുട്ടികളുടെ ആരോഗ്യപരമായ സുരക്ഷയാണ് പ്രാധാനമെന്നും അതനുസരിച്ച് മാത്രമേ ഈ വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 

Related News