അലർജി രോഗികൾക്ക് വാക്സിനേഷൻ നൽകി കുവൈത്ത്

  • 15/03/2021

കുവൈത്ത് സിറ്റി : അലർജി രോഗികൾക്ക് വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് കോവിഡ്19 പ്രതിരോധ വാക്‌സീന്‍ നല്‍കിയിരുന്നില്ല. അടുത്തിടെ നടത്തിയ പഠനങ്ങൾ പ്രകാരം വാക്സിനുകൾ അലര്‍ജി രോഗികളുടെ  ആരോഗ്യത്തിന് സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാക്സിനേഷൻ നല്‍കാന്‍ ആരംഭിച്ചതെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

വാക്‌സീന്‍ പാര്‍ശ്വ ഫലം നിര്‍ണയിക്കുന്നതിന് കുത്തിവയ്‌പ്പെടുത്ത ശേഷം അലര്‍ജി രോഗമുള്ളവരെ  കുറഞ്ഞത് 15 -30  മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കുന്നതായും ഇതുവരെ യാതൊരു പാര്‍ശ്വ ഫലങ്ങളും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു.വാക്‌സീനുകളോടുള്ള അലര്‍ജി പ്രതികരണം 10 ലക്ഷത്തില്‍ 1.3 എന്ന നിരക്കില്‍ വളരെ അപൂര്‍വമാണ്.  അലർജി രോഗികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുമ്പായി ഡോക്ടർമാരോട് രോഗചരിത്രത്തെക്കുറിച്ചും ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും. ഇത് സംബന്ധമായി മുഷ്രിഫിലെ വാക്സിനേഷൻ സെന്ററിലെ മെഡിക്കൽ ടീമുകളും അലർജി രോഗങ്ങൾക്കുള്ള അബ്ദുൽ അസീസ് അൽ റാഷെഡ് സെന്ററും തമ്മിൽ ഏകോപനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. 

അതിനിടെ  ചില ബാച്ച് ആസ്ട്രസെനക വാക്‌സിന്‍ രക്തം കട്ടപിടിക്കാന്‍ ഇടയാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നല്‍കി വരുന്ന വാക്സിന്‍ മരുന്നുകള്‍ക്ക് യാതൊരു തരത്തിലുള്ള ആരോഗ്യ സുരക്ഷാ ഭീഷണികളും ഇല്ലെന്നും  സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

Related News