കുവൈത്തിൽ വിദേശ ജനസംഖ്യ ഗണ്യമായി കുറയുന്നു.

  • 18/03/2021

കുവൈത്ത് സിറ്റി :  രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍  കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക സർക്കാർ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. കോവിഡ് ഭീഷണിയുയര്‍ന്ന 2020 ല്‍ മാത്രമായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം വിദേശികളാണ് രാജ്യം വിട്ടത്. ഓരോ വർഷവും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വരുന്നതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിലും പ്രവാസികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരികയാണ്. സ്വദേശിവൽക്കരണവും രാജ്യത്തെ കൊറോണ വ്യാപനവുമാണ് പ്രവാസികളുടെ തൊഴിൽ നഷ്ടത്തിനും മടങ്ങിപ്പോക്കിനും കാരണമെന്നാണ് കരുതുന്നത്.

പുറത്തുപോയ പ്രവാസി ജനസംഖ്യയിലെ 39% വീട്ടുജോലിക്കാരാണ്. സർക്കാർ മേഖലയിലും പ്രവാസികളുടെ എണ്ണത്തിൽ വന്‍ കുറവ് വന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് 33 ലക്ഷത്തോളം വിദേശികള്‍ ഉണ്ടായിരുന്നത് 26 ലക്ഷമായി കുറഞ്ഞു. കുവൈത്തിൽ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന് നിരവധി കോണുകളിൽ നിന്നു ഉയരുന്ന ദീർഘകാലമായുള്ള ആവശ്യമാണ്.പലവട്ടമായി ഇത് പാർലമെൻറിന്റെ നിയമ നിർമ്മാണ സമിതിക്ക് വിടുകയും ചെയ്തിരുന്നു.കുവൈത്തിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം വിദേശികളാണ്. കൊവിഡ് പടർന്ന് പിടിച്ചതോടെ കുവൈത്തിലെ നിയമവിദഗ്ദ്ധരും ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെ വർദ്ധിച്ച് വരുന്ന വിദേശീ സമൂഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് ഭീഷണി നീളുകയും ജോലി സംബന്ധമായ ഭീഷണികള്‍ നിലനില്‍ക്കുകയും ചെയ്താല്‍  ആയിരക്കണക്കിന് വിദേശികള്‍ കുവൈത്തില്‍ നിന്നും കൊഴിഞ്ഞു പോകുമെന്നാണ് സൂചനകള്‍. 

Related News