കോവിഡ് വാക്സിൻ രജിസ്ട്രേഷന് ആഹ്വാനം ചെയ്ത് മന്ത്രാലയം, വിവിധ ഭാഷകളിൽ പ്രചരണം നടത്തും.

  • 20/03/2021

കുവൈറ്റ് സിറ്റി : കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷൻ നടപടി എല്ലാവരും പൂർത്തിയാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രാലയം പറഞ്ഞു. 

കുവൈത്തിലെ പ്രവാസികള്‍ എല്ലാവരും എത്രയും വേഗം കോവിഡ്‌ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമാകണമെന്നും  ഇതിന്‌ വേണ്ടി പല ഭാഷകളിലായി ബോധവത്‌കരണ ക്യാമ്പയിന്‍ നടത്താന്‍ ഒരുങ്ങുകയാണ്‌ മന്ത്രാലയം. നിരവധി തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വരുന്ന കാലയളവിൽ ഗുണഭോക്താക്കളുടെ സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വാക്സിനേഷൻ ലഭിച്ചവരിൽ രോഗലക്ഷണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും യാതൊരുവിധ ആശങ്കയ്ക്കും വകയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കുവൈത്തില്‍ നിലവില്‍ ഫൈസര്‍ ബയോടെക്, ഓക്‌സ്‌ഫോഡ്, ആസ്ട്രസെനക വാക്‌സിനുകളാണ് വിതരണം ചെയ്തു വരുന്നത്. 

റമദാന്‍ മാസവും കുവൈത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. മിശ്‌റിഫിലെ പ്രധാന കേന്ദ്രത്തിലും മറ്റ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും നോമ്പ്‌ സമയത്തും ഇഫ്‌താറിന്‌ ശേഷവും വാക്‌സിനെടുക്കാനൽകുമെന്നും അതിനായി നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

Related News