ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല; 7 ദശലക്ഷം ദിനാർ നഷ്ടമുണ്ടായെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ

  • 26/10/2020

കുവൈറ്റ് സിറ്റി;  ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ  ഉടമകൾ ഇന്നലെ ആരോഗ്യ മന്ത്രാലയ കെട്ടിടത്തിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം  നടത്തി.  ഗാർഹിക തൊഴിലാളികളുടെ  റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്നും 420 ഓളം ഓഫീസുകൾക്ക് ഉണ്ടായ നഷ്ടം നികത്താൻ  എൻട്രി വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം . കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചതുമൂലം ഏകദേശം 7 ദശലക്ഷം ദിനാർ  നഷ്ടമുണ്ടായെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.  

ഓരോ റിക്രൂട്ട്‌മെന്റ് ഓഫീസിലെയും ദിവസേനയുളള നഷ്ടം സംബന്ധിച്ച്  ഓഫീസുടമ മുനീർ അൽ-ഒസൈമി  വിശദാംശങ്ങൾ അവതരിപ്പിച്ചു.  പ്രതിമാസം വാടക, ജീവനക്കാരുടെ ശമ്പളം, കാർ ഗഡു,  ഭക്ഷ്യവസ്തുക്കൾ, പലവക ഇനങ്ങൾ എന്നിവ ഉൾപ്പെടെ ഓരോ ഓഫീസിനും കെഡി 2, 000 ദിനാർ വരെ നഷ്ടം വരുന്നു.   420 ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ കണക്കാണ് അദ്ദേഹം അവതരിപ്പിച്ചത്. എല്ലാ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിൽ  പ്രതിമാസം  840,000 ദിനാറാണ്  നഷ്ടം വരുന്നത്,  കൊവിഡ് പ്രതിസന്ധിയുടെ ആരംഭം മുതൽ ആകെ 6,720 ദശലക്ഷം ദിനാർ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നഷ്ടങ്ങൾ  മൂലം  ഗാർഹിക തൊഴിലാകൾകൾക്ക് എൻട്രി വിസകൾ അനുവദിക്കാനാണ് പ്രതിഷേധം  ലക്ഷ്യമിടുന്നതെന്നും അൽ-ഒസൈമി പറയുന്നു.  റിക്രൂട്ട്‌മെന്റ് നിർത്തിവച്ചതുമൂലം നിരവധി കുവൈറ്റ് കുടുംബങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും റെസിഡൻസി, തൊഴിൽ നിയമം എന്നിവ ലംഘിക്കിച്ച് അനധികൃത ഗാർഹിക തൊഴിലാകളെ നിയമിക്കാൻ കുടുംബങ്ങൾ വൻതോതിൽ പണം മുടക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗാർഹിക തൊഴിലാളികൾക്കുള്ള എൻട്രി വിസകൾ പുനരാരംഭിക്കുകയും ആവശ്യമായ ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി രാജ്യത്തേക്ക് മടങ്ങാനും സൗകര്യമൊരുക്കുകയെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. 
വിദേശത്ത് നിന്ന് തൊഴിലാളികൾ എപ്പോഴാണ് കുവൈത്തിൽ എത്തുകയെന്നത് സംബന്ധിച്ച്  എല്ലാ ദിവസവും നിരവധി ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഉത്തരം നൽകാൻ കഴിയുന്നില്ലെന്നും മറ്റൊരു ഓഫീസ് ഉടമ മുബാറക് ശരാർ വ്യക്തമാക്കുന്നു.

420 ലധികം ഓഫീസുകളുടെയും ആയിരക്കണക്കിന് കുവൈറ്റ് കുടുംബങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയും എൻട്രി വിസ താൽക്കാലികമായി നിർത്തിവച്ചത് കുവൈറ്റ് എയർവേയ്‌സ്, വാണിജ്യ മേഖല എന്നിവയുടെ ഉടമകളെ വളരെയധികം പ്രതിസന്ധയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില ഗൾഫ് രാജ്യങ്ങൾ ഇതിനകം ഗാർഹിക തൊഴിലാളികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ഓഫീസ് ഉടമകൾ വ്യക്തമാക്കുന്നു.   കൊറോണ വൈറസ് പ്രതിസന്ധി വളരെക്കാലം നീണ്ടുനിൽക്കുന്നതിനാൽ രാജ്യം സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്നും, ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. 

Related News