ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചതാര്? തങ്ങള്‍ക്കറിയില്ലെന്ന് കേന്ദ്രം

  • 28/10/2020

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ആരോഗ്യ സേതു ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് അറിയില്ലെന്ന് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എങ്ങനെയാണ് ഇത് സൃഷ്ടിച്ചത് എന്ന് അറിയില്ലെന്നും മറുപടിയില്‍ പറയുന്നു. ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ തങ്ങള്‍ക്ക് അറിയില്ല എന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 
 
ലക്ഷക്കണക്കിന് ആളുകളാണ് ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ആരോഗ്യസേതു ആപ്പ് സുരക്ഷിതമെല്ലെന്ന് ചൂട്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുളള കേന്ദ്ര സര്‍ക്കാരിന്റെ മറുപടി.  

ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് എത്തിക്കല്‍ ഹാക്കര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. 90 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ സുരക്ഷാ വീഴ്ച്ചകള്‍ അറിയിക്കാമെന്നുമാണ് എത്തിക്കല്‍ ഹാക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

Related News