അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയുമായി ഇന്ത്യ

  • 29/10/2020

പ്രവാചകന്റെ കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സ്വീകരിച്ച നടപടികളിലൂടെയും പ്രസ്താവനയിലൂടെയും വിവാദത്തിലായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പിന്തുണയുമായി ഇന്ത്യ. മാക്രോണിനെതിരെ അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ത്യ പിന്തുണയുമായി രംഗത്തെത്തിയത്. മാക്രോണിനെതിരായ വിമര്‍ശനങ്ങളെ അപലപിച്ച്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. ഒരിക്കലും അംഗീകരിക്കാനാവാത്ത ഭാഷയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെ അന്താരാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നടക്കുന്ന വ്യക്തിഗത ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തെയും പ്രസ്താവനയില്‍ അപലപിച്ചു. ഒരു കാരണവശാലും ഏതൊരു സാഹചര്യത്തിലും തീവ്രവാദത്തിന് ന്യായീകരണമില്ല. കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയുടെ പ്രസ്താവനക്ക് രാജ്യത്തെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയ്ന്‍ നന്ദി പ്രകടിപ്പിച്ചു.

Related News