കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗം; അര്‍ണബിനെ ജയിലിലേക്ക് മാറ്റി

  • 08/11/2020


ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ക്വാറന്റീന്‍ സെന്ററില്‍ നിന്നും ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെ അനധികൃതമായി ഫോണ്‍ ഉപയോഗിച്ചു എന്നു കാണിച്ചാണ് ക്വാറന്റീന്‍ സെന്ററില്‍ നിന്നും ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. നവി മുംബൈയിലെ തലോജ ജയിലിലേക്കാണ് അര്‍ണബിനെ മാറ്റിയത്. അര്‍ണബ് മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താമസം ജയിലേക്ക് മാറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്. 

നേരത്തെ കോടതിയും അര്‍ണബിന് താക്കീത് നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കോടതിയില്‍ സജ്ജീകരിച്ച പ്ലാസ്‌ക് പാര്‍ട്ടിഷന്‍ മറികടക്കാന്‍ ശ്രമിച്ചതിനും വാദത്തിനിടിയില്‍ കയറി സംസാരിച്ചതിനുമാണ് അലിബഗ് ചീഫ് മജിസ്‌ട്രേറ്റ് അര്‍ണബിനെ ശാസിച്ചത്. 

ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കിന്റെ ആത്മഹത്യാ പ്രേരണകുറ്റത്തിലാണ്  റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ണബിന്റെ അറസ്റ്റില്‍ കേന്ദ്ര മന്ത്രിമാരടക്കം വലിയ രീതീയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 


Related News