പ്രവാസികൾക്ക്‌ കുവൈത്തിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു; രജിസ്ട്രേഷൻ "പ്ലാറ്റ്ഫോം" തുടങ്ങും

  • 17/11/2020

കുവൈറ്റ് സിറ്റി;  രാജ്യത്തെ ആരോഗ്യ മന്ത്രാലയ  അധികൃതർ നിശ്ചയിച്ചിട്ടുള്ള ആവശ്യകതകൾക്കനുസൃതമായി മടങ്ങിവരുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള  നടപടികൾ  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പൂർത്തിയാക്കി.  യാത്രാ നിരോധനമുളള 34 രാജ്യങ്ങളിൽ  നിന്ന്  നേരിട്ടുള്ള  വിമാന സർവ്വീസ് ആരംഭിക്കുന്നതിനുളള തീയതി വരും ദിവസങ്ങളിൽ അധികൃതർ ചേരുന്ന യോ​ഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.  
അതേസമയം, സാധുവായ റെസിഡൻസി കൈവശമുള്ളവർക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അവസരം.  കുവൈറ്റിലേക്ക് മടങ്ങി വരാൻ​ആഗ്രഹിക്കുന്ന പ്രവാസികളുടെ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യുന്നതിനായി  അധികൃതർ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ തയ്യാറാക്കിയ പദ്ധതി വരാനിരിക്കുന്ന യോഗത്തിൽ സാമൂഹ്യകാര്യമന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അൽ അഖീൽ രൂപീകരിച്ച സർക്കാർ സമിതി ചർച്ചചെയ്യുമെന്ന് പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  അതേസമയം, ​ഗാർഹിക തൊഴിലാളികളെ നേരിട്ട് കുവൈത്തിലേക്ക് തിരിച്ചുവരാൻ അനുവദിക്കുന്നത് രാജ്യത്തെ ​ഗാർഹിക തൊഴിലാളികളുടെ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  കാലക്രമേണ കുവൈറ്റിലേക്ക് മറ്റ് തൊഴിലാളികളുടെയും മടങ്ങി വരവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.  തുടക്കത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ള ഗാർഹിക തൊഴിലാളികളെയാകും തിരിച്ചെത്തിക്കുക, തുടർന്ന്  സർക്കാർ മേഖലയിലേക്കും മറ്റു തൊഴിൽ മേഖലകളിലേക്കുമുള്ള വരെയും തിരിച്ചുവരാൻ അനുവദിക്കും.

Related News