കോവിഡ്: സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്ന് സൂചന

  • 18/11/2020

കുവൈത്ത് സിറ്റി : രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഒരു അവസരത്തിൽ ആയിരത്തിനടുത്ത് വരെ എത്തിയ പ്രതിദിന വർദ്ധനവാണ് ഇപ്പോൾ അഞ്ഞൂറില്‍ താഴെയായി  കുറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും  തുടര്‍ച്ചയായി കുറയുകയാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ  എണ്ണവും കുറഞ്ഞിട്ടുണ്ട്. 

കാലാവസ്ഥ മാറ്റവും പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പും വരാനിരിക്കെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആശ്വാസമായി  കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പുതിയ കോവിഡ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഭാഗിക കര്‍ഫ്യൂ അടക്കമുള്ള  കടുത്ത  നിയന്ത്രണനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 5 ന് നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗുമായി  സ്വീകരിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവസാന ഘട്ടം ഇപ്പോയും തുടരുകയാണ്. ജാഗ്രത തുടരണമെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. 

Related News