കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം

  • 28/03/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കഴിഞ്ഞ  20 ദിവസത്തിനുള്ളിൽ 25,408 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പകർച്ചവ്യാധിയുടെ വ്യാപനം അപകട സൂചകമാണ്.  കേസുകള്‍ വര്‍ദ്ധിക്കുന്നത് കോവിഡ് രണ്ടാം വരവിന്‍റെ സൂചനയാണെന്നും ഇപ്പോയത്തെ ആരോഗ്യ സാഹചര്യം  ആദ്യ ഘട്ടത്തെക്കാള്‍ കഠിനമായേക്കാമെന്നും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നല്‍കി. 

ഭാഗിക കര്‍ഫ്യൂ നടപ്പിലാക്കിയതുമുതൽ കോവിഡ് അണുബാധയുടെ തോത് ഭയാനകമായ തോതിൽ വർദ്ധിക്കുന്നത്.  കൊവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 143 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 68 രോഗികളെ ഐ.സി.യുവിലും പ്രവേശിപ്പിച്ചു. കൊവിഡ് ബാധ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഐസിയു നിരക്കാണിത്. 

രാജ്യത്ത് കൊവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തില്‍ സ്വദേശികളും പ്രവാസികളും കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറാവണമെന്നും മാസ്ക് , ശാരീരിക അകലം, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമായും പാലിക്കണം.  കൊവിഡ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്നു തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. അതിനിടെ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയ അതി വേഗ വൈറസ് വകഭേദം രാജ്യത്തും  കണ്ടെത്തിയിട്ടുണ്ടെങ്കിലും ചികിത്സാരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Related News