കുവൈത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ചരിത്രരേഖകകള്‍ ഇറാഖ് തിരികെ എത്തിച്ചു.

  • 29/03/2021

കുവൈത്ത് സിറ്റി: അധിനിവേശ കാലത്ത് കുവൈത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ചരിത്രരേഖകളും മറ്റു വസ്തുക്കളും ഇഖാഖ് തിരികെ എത്തിച്ചു. 1990 ൽ സദ്ദാം ഹുസൈന്‍റെ നേതൃത്വത്തില്‍ നടന്ന അധിനിവേശത്തിൽ പിടിച്ചെടുത്ത എട്ട് ടണ്‍ വരുന്ന രേഖകളും വസ്തുക്കളുമാണ് തിരികെ എത്തിച്ചതെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈത്ത് സര്‍വകലാശാലയിലെയും വാര്‍ത്താ  വിനിമയ മന്ത്രാലയത്തിലെയും രേഖകള്‍ ഉള്‍പ്പെടെയാണ് തിരികെ എത്തിച്ചതെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി നാസര്‍ അല്‍ ഹെയ്ന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ പരസ്പരധാരണയോടെ പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുവൈത്തില്‍ നിന്ന് നേരത്തെ നഷ്ടപ്പെട്ട വസ്തുക്കളുടെ പട്ടിക ലഭിച്ചുവെന്നും അതനുസരിച്ചാണ് തിരികെ എത്തിക്കുന്നതെന്നും ഇറാഖ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു. ബൂബിയൻ ദ്വീപിൽ ഇറാഖ് സൈനികന്റെ അവശിഷ്ടങ്ങൾ കുവൈത്ത് കണ്ടെത്തിയത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇറാഖ് സൈനികന്റെ അവശിഷ്ടങ്ങൾ ഇറാഖ് പ്രതിനിധി സംഘത്തിന് കൈമാറുമെന്നും ഹെയ്ൻ പറഞ്ഞു. 

സദ്ദാം ഹുസൈന്‍റെ നേതൃത്വത്തിൽ ഇറാഖ് സൈന്യം 1990 ഓഗസ്റ്റ് രണ്ടിനാണ് കുവൈത്ത് ആക്രമിച്ചത്. യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം പുറത്താക്കുന്നതിന് മുമ്പ് ഏഴു മാസമാണ് ഭരണകൂടത്തെ ഇറാഖ് കൈവശപ്പെടുത്തിയിരുന്നത്.

Related News