റമദാൻ മാസത്തിലെ കര്‍ഫ്യൂ; ഓരോ ആഴ്ചയും സ്ഥിതിഗതികൾ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത്.

  • 29/03/2021

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസത്തിലും തുടരും. ഓരോ ആഴ്ചയിലും രാജ്യത്തെ അവസ്ഥ വിലയിരുത്തിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. മന്ത്രിസഭ കൊവിഡ് വ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കും. പുതിയ രോഗികള്‍, മരണം, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം അടക്കമുള്ളവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭയ്ക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടില്‍ രാജ്യത്തുടനീളം ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി സൂചനയുണ്ടെന്നാണ് വിവരം. 

കൂടാതെ, ഒത്തുച്ചേരലുകള്‍ നിരീക്ഷിച്ച ശേഷം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഭാഗികമായിരിക്കും. ഓരോ ആഴ്ചയും ആരോഗ്യ വിഭാഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം തറാവിയ പ്രാര്‍ത്ഥന നടത്തേണ്ടതെന്നും അണുബാധ പകരാതിരിക്കാന്‍ പ്രാര്‍ത്ഥന കൂടുതല്‍ സമയം നീളാതിരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

ആശ്രദ്ധ സംഭവിക്കാതെ കര്‍ഫ്യൂ നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വിദേശത്ത് നിന്നുള്ള മെഡിക്കല്‍ സംഘത്തിന്‍റെ സഹായം ഉപയോഗപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Related News