കുവൈത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്.

  • 05/04/2021

കുവൈത്ത് സിറ്റി: കുടിയേറ്റ തൊഴിലാളികളെ കുവൈത്തിലെ നിയമം ഉറപ്പുവരുത്തുന്ന അവരുടെ അവകാശങ്ങളെക്കുറിച്ച്  ബോധവൽക്കരിക്കുന്നതിനായി യുഎസ് - മിഡിലീസ്റ്റ് പാർട്ട്ണർഷിപ്പ്  ഓർഗനൈസേഷനുമായി പങ്കാളിത്ത കരാർ ഒപ്പിട്ടതായി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ അൽ ഹമീദി അറിയിച്ചു.

2010ലെ കുവൈത്ത്  തൊഴിൽ നിയമ നമ്പർ (6) ന്റെയും 2015 ലെ ഗാർഹിക തൊഴിൽ നിയമ നമ്പർ (68) ന്റെയും പരിധിയിൽ വരുന്ന സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും തൊഴിലാളികൾക്ക്  കൺസൾട്ടേഷനിലൂടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ  കരാറിൽ ധാരണയായി.

ഈ മേഖലയിലെ തൊഴിലാളികൾക്ക് നിയമപരമായ ഏതു സേവനങ്ങൾക്കുമായി 22215150 എന്ന ഹോട്ട് ലൈൻ നമ്പറിലോ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയോ ബന്ധപ്പെടാവുന്നതാണ്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ തുടങ്ങിയ അഞ്ച് ഭാഷകളിൽ  സേവനം ലഭ്യമാണ്. 16 മാസത്തെ കരാർ കാലയളവിൽ ആവശ്യക്കാർക്ക് മാനസികവും സാമൂഹികവുമായ പിന്തുണയും നൽകുമെന്നും അൽ ഹമീദി വ്യക്തമാക്കി.

മനശാസ്ത്രവും സാമൂഹികവുമായ കൗൺസലിംഗ് സേവനങ്ങൾക്കായി ഒരു സൈക്കോളജിസ്റ്റിനെയും സൊസൈറ്റി നിയമിച്ചിട്ടുണ്ട്. കുവൈത്തിലെ ലേബർ മാർക്കറ്റ് വേരിയബിളുകൾ നിരീക്ഷിച്ച് ആനുകാലിക റിപ്പോർട്ടുകളും നൽകും. കേസിന്റെയും അഭിഭാഷകരുടെയും ചെലവ് താങ്ങാനാകാത്തവർക്ക് അവരുടെ  കേസുകൾ ലേബർ കോർട്ടിലേയ്ക്ക് മാറ്റാനുള്ള നിയമ സഹായവും നൽകും.

കുവൈത്തിലെ കുടിയേറ്റ തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുള്ള 'ടുഗെദര്‍' പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കുവൈറ്റിലെ ഡച്ച് എംബസിയുമായി സഹകരിച്ചും രണ്ടാം ഘട്ടത്തിൽ വികസനത്തിനും സഹകരണത്തിനുമുള്ള സ്വിസ് ഏജൻസിയുമായി സഹകരിച്ചും പദ്ധതി നടപ്പാക്കിയിരുന്നു.

Related News