പ്രതിദിനം 21,000 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നു.

  • 05/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ വേഗം വര്‍ധിപ്പിക്കാന്‍ കുവൈത്ത്. റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസങ്ങള്‍ക്ക് മുമ്പായി 25 ലക്ഷം വരുന്ന ജനസംഖ്യയിലെ 15 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ഇതുവരെ 650,000 പേരാണ് കുവൈത്തില്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 22ന് മുമ്പായി വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം. 21,000 പേര്‍ക്ക് ദിവസവും വാക്സിന്‍ നല്‍കാനാണ് തീരുമാനം. സാധാരണ സാഹചര്യത്തില്‍ കുവൈത്തിന് ജനസംഖ്യയുടെ 60 ശതമാനം വരെ വാക്സിനേഷൻ നൽകാൻ കഴിയും. ഇതോടെ ആർജിത പ്രതിരോധശേഷി കൈവരിച്ച് സാധാരണ ജീവിത സാഹചര്യങ്ങളിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയതില്‍ അധികൃതര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. വാക്സിന്‍ സ്വീകരിച്ച പ്രായമായവര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് കുറഞ്ഞിട്ടുണ്ട്. വാക്സിൻ അണുബാധയെ തടയുന്നില്ല, മറിച്ച് അണുബാധയുണ്ടായാൽ അതിന്റെ ലക്ഷണങ്ങളെ ഒഴിവാക്കുകയും മരണത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Related News