കുവൈത്തിൽ എഞ്ചിനീയറിംഗ് മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു

  • 11/04/2021

കുവൈത്ത് സിറ്റി: സിവിൽ സർവീസ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്തവരിൽ തൊഴിൽരഹിതരായ 2837 കുവൈത്തി എഞ്ചിനിയർമാരുണ്ടെന്ന് കണക്കുകൾ. സ്ത്രീകളും പുരുഷന്മാരുമായി ഇത്രയധികം തൊഴിൽ രഹിതരുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സൊസൈറ്റി ഓഫ് എഞ്ചിനീയർസ് സെക്രട്ടറി ഫഹദ് അൽ  ഖ്വതെയ്ബി പറഞ്ഞു.
                                    
വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം  തൊഴിൽ രഹിതരുടെ പട്ടികയിൽ 9 എഞ്ചിനീയറിംഗ് മുഖ്യ വിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട  922 പേരും ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 764 പേരും  ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്  വിഭാഗത്തിൽ പെട്ട 462 പേരും കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 240 പേരും  പെട്രോളിയം എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 207 പേരും  സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 115 പേരും  കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 72 പേരും കമ്മ്യുണിക്കേഷൻ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെട്ട 42 പേരും പരിസ്ഥിതി എഞ്ചിനീയറിംഗ് വിഭാഗത്തിൽ   പെട്ട 13 പേരും ഈ പട്ടികയിൽ  ഉൾപ്പെടുന്നു.
                                         
ഇതിനെ തുടർന്ന് ബ്യൂറോ, മന്ത്രാലയങ്ങൾ, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി  ഫഹദ് അൽ ഖ്വതെയ്ബി  ബന്ധപ്പെടുകയും തൊഴിൽ രഹിതരായ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികളുമായി നേരിട്ടുള്ള ആശയവിനിമയം  നടത്താനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. 

കമ്പനികൾക്ക് ആവശ്യമുള്ളത്ര തൊഴിലാളികളെ  കിട്ടാത്ത സാഹചര്യത്തിലും ഇത്രയധികം പേർ തൊഴിൽ രഹിതരായി പുറത്ത് നിൽക്കുന്നത്  ബ്യൂറോയും മന്ത്രാലയങ്ങളും തമ്മിലുള്ള ആശയ വിനിമയ സംവിധാനത്തിലെ തകരാർ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News