കുവൈത്തിലെ മൂന്നിലൊന്ന് ജീവനക്കാര്‍ക്കും കമ്പനിയോടുള്ള ആത്മാർഥത ലഭിക്കുന്ന ശമ്പളം അനുസരിച്ചെന്ന് സര്‍വേ

  • 11/05/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ മൂന്നിലൊന്ന് ജീവനക്കാര്‍ക്കും കമ്പനിയോടുള്ള ആത്മാർഥത ലഭിക്കുന്ന ശമ്പളം അനുസരിച്ചെന്ന് സര്‍വേ. സാലറി സര്‍വേയില്‍ പങ്കെടുത്ത 36 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 

അതേസമയം, 34 ശതമാനം പേര്‍ അവരുടെ ശമ്പളവും കമ്പനിയോടുള്ള പ്രതിബദ്ധതയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. ബെയ്റ്റ്.കോം ആണ് ദി മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക സാലറി സര്‍വ്വേ നടത്തിയത്. ദൈനംദിന ഉത്തരവാദിത്തങ്ങൾ (31 ശതമാനം), കരിയറില്‍ ലഭിക്കുന്ന അവസരങ്ങള്‍ (26 ശതമാനം), സഹപ്രവര്‍ത്തകര്‍ (24 ശതമാനം) എന്നിങ്ങനെയാണ് കമ്പനിയോടുള്ള ആത്മാര്‍ത്ഥയില്‍ പ്രാധാന്യം കൊടുക്കുന്ന മറ്റ് ഘടകങ്ങള്‍. 

എന്നാല്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ള അതേ മേഖലയില്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട ജോലി നേടാനാണ് ശ്രമമെന്ന് 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 21 ശതമാനം പേര്‍ മറ്റ് മേഖലയില്‍ വേറെ ജോലി നോക്കുമെന്നും പറഞ്ഞു. 

27 ശതമാനം പേര്‍ അവര്‍ക്ക് അടിസ്ഥാന ശമ്പളവും മറ്റ് അനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ 54 ശതമാനം പേര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്ന് പറഞ്ഞു. 19 ശതമാനത്തിനാണ് അടിസ്ഥാന ശമ്പളം, അനുകൂല്യങ്ങള്‍, കമ്മീഷന്‍ എന്നിവ ലഭിക്കുന്നത്. 41 ശതമാനം പേര്‍ക്ക് അധിക സമയ ജോലിക്ക് പ്രതിഫലം നല്‍കുന്നുണ്ടെന്ന് അറിയിച്ചു.

Related News