പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം

  • 06/05/2020

തിരുവനന്തപുരം: നാളെ രാവിലെ പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്നും ആദ്യമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി. പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫൈഌിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പരിശീലനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദ്യ സംഘത്തിനെ ആശംസ അറിയിച്ചു.

പി.പി.ഇ. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും അവ ശ്രദ്ധപൂര്‍വ്വം പ്രോട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ പരിശീലനം നല്‍കി. ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകള്‍ നല്‍കുകയും എല്ലാവരുടെയും ആര്‍.ടി. പി.സി.ആര്‍. പരിശോധനയും നടത്തുകയും ചെയ്തു. പരിശീലനത്തിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ പറഞ്ഞു. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് പരിശീലനം നല്‍കിയത്.

എറണാകുളം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, ആര്‍.എം.ഒ. ഡോ.ഗണേശ് മോഹന്‍, എ.ആര്‍.എം.ഒ ഡോ. മനോജ് ആന്റണി, ഡോ. ഗോകുല്‍ സജ്ജീവന്‍, വിദ്യ വിജയന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്‌സ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

Related News