സാമ്പത്തികപ്രയാസം അനുവഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകള്‍ നല്‍കാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും. ഹൈബി ഈഡന്‍ എം.പി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി 10 ടിക്കറ്റുകളും നല്‍കും. എംഎല്‍എമാരായ കെ.എസ് ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വി.ടി ബല്‍റാം, എന്നിവരും 10 ടിക്കറ്റുകള്‍ വീതം നല്‍കും.മടങ്ങിവരവിന് വഴിയൊരുങ്ങിയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പ്രവാസികള്‍ ആശങ്കയിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ പലരും ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി എംഎല്‍എമാരും എംപിമാരും രംഗത്തെത്തിയത്. അരുവിക്കര നിയോജകമണ്ഡലത്തിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, ഏറ്റവും താഴെത്തട്ടിലുള്ള 10 പ്രവാസികൾക്കായി വ്യക്തിപരമായും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ടിക്കറ്റുകള്‍ കൈമാറുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ യൂത്ത് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്എംഎല്‍എമാരായ അന്‍വര്‍ സാദത്തും വി.ടി ബല്‍റാമും ടിക്കറ്റുകള്‍ കൈമാറുന്നത്. ആലുവ നിയോജക മണ്ഡലത്തിലെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന നിര്‍ധനരായ 10 പ്രവാസികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ അറിയിച്ചു. അര്‍ഹരായ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കുകൂടി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസവികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. യൂത്ത് കെയര്‍ പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജിസിസി യൂത്ത് കെയര്‍ വിമാന ടിക്കറ്റ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചപ്പോള്‍ വന്‍സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയ്ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയിരുന്നു. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പില്‍ ടിക്കറ്റ് നല്‍കികൊണ്ട് പറഞ്ഞത്. സമ്മാനം സ്വീകരിച്ച ആതിരയും ഭര്‍ത്താവ് നിതിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കി രണ്ടു പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?